വ്യാപാരിയുടെ മരണത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പോലീസ്; ആത്മഹത്യ സാമ്പത്തിക ബാധ്യതകളെക്കൊണ്ട് പൊറുതിമുട്ടി; ബിനുവിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നു

കോട്ടയം: കുടയംപടിയില്‍ ചെരുപ്പുകട ഉടമ കെ.സി. ബിനു കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25ന് ജീവനൊടുക്കിയ സംഭവത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ബാങ്കിനെ കുറ്റവിമുക്തനാക്കിയാണ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. സാമ്പത്തിക ബാധ്യതകളെക്കൊണ്ട് പൊറുതിമുട്ടിയാണ് ബിനുവിന്റെ ആത്മഹത്യ എന്നാണ് കണ്ടെത്തല്‍. ആത്മഹത്യാ പ്രവണതയുള്ള കുടുംബത്തില്‍ അംഗമാണ് ബിനു എന്ന അനുമാനത്തിലാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. കുറച്ച് നാള്‍ മുന്‍പ് സമാന സാഹചര്യത്തിലാണ് ബിനുവിന്റെ പിതാവും ജീവനൊടുക്കിയത്.

ലോണ്‍ കുടിശിക വന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ആത്മഹത്യ എന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും ബാങ്കിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിനുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തിയാണ് കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. “ബിനു നിരവധി ആളുകളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 3,89,989 രൂപ ഇതില്‍ കുടിശികയുണ്ട്. പത്തോളം നോട്ടീസുകള്‍ ബാങ്ക് അയച്ചിരുന്നു. കുടിശിക അടയ്ക്കാതെ 75 ദിവസം കഴിഞ്ഞ ശേഷമാണ് ബാങ്ക് മാനേജര്‍ കടയിലെത്തി ലോണ്‍ തിരിച്ചടക്കണം എന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 8നും 12നുമായി ഈ കുടിശിക അടച്ചുതീര്‍ത്തിട്ടുണ്ട്. അതിനുശേഷം ബാങ്കധികൃതര്‍ വിളിച്ചിട്ടില്ല.”

“വിരമിച്ച ഒരു അധ്യാപികയില്‍ നിന്നും കടമായി 3,20,000 രൂപ പൂര്‍ണമായി തിരിച്ചു നല്‍കിയിട്ടില്ല. ഇതേപോലെ നിരവധി ആളുകളില്‍ നിന്നും ചെറുതും വലുതുമായ തുകകള്‍ വാങ്ങിയെങ്കിലും മടക്കി നല്‍കിയിട്ടില്ല. ഇയാളുടെ വീട്ടുകാര്‍ക്ക് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.” പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top