സിദ്ദിഖിനെ തപ്പി അലഞ്ഞ് പോലീസ്; വലിയ വീഴ്ചയെന്ന് വിമര്‍ശനം; നടന്‍ ഒളിവില്‍
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ വ്യാപക പരിശോധനയുമായി പോലീസ്. ഇന്നലെ ജാമ്യം നിഷേധിച്ചതിനു പിന്നാലെ തന്നെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുളള നീക്കങ്ങള്‍ പോലീസ് തുടങ്ങി. ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. എന്നാല്‍ സിദ്ദിഖ് എവിടെയാണെന്ന് ഒരു ദിവസം പിന്നിടുമ്പോഴും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
സിദ്ദിഖിന്റെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പ്രധാന ഹോട്ടലുകളിലും ഇന്നലെ രാത്രി വൈകിയും പോലീസ് പരിശോധന നടന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സിദ്ദിഖിന്റെ സിനിമാ മേഖലയിലെ സുഹൃത്തുക്കളുടെ ഫോണുകള്‍ കൂടി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കും വരെ സിദ്ദിഖ് ഒളിവില്‍ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തല്‍. സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്.
സിദ്ദിഖിനെ നിരീക്ഷിക്കുന്നതില്‍ പോലീസിന് വലിയ വീഴ്ചയുണ്ടായതായും വിമര്‍ശനം ഉയരുന്നുണ്ട്. ബലാത്സംഗക്കേസില്‍ പ്രതിയായിട്ടും ഇതുവരെ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറിയിട്ടില്ല. മാത്രമല്ല മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു ക്രമീകരണവും പോലീസ് ഒരുക്കിയില്ല. ഇതോടെയാണ് അനായാസം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ സിദ്ദിഖിന് കഴിഞ്ഞതെന്നാണ് വിമര്‍ശനം ഉയരുന്നത്.
മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ സംഘവുമായിയാണ് നടന്റെ അഭിഭാഷകന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതുള്‍പ്പെടെ സൂപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് നീക്കം. തടസ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ അതിജീവിതയും തീരുമാനിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here