വാട്സാപ്പിനെതിരെ കേസ്; കുറ്റവാളികളെ സംരക്ഷിച്ചെന്ന് പോലീസ്
അന്വേഷണവുമായി ബന്ധപ്പെട്ട് നാല് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിന് വാട്സാപ്പിനെതിരെ കേസ്. മെസെജിംഗ് ആപ്പിൻ്റെ ഡയറക്ടർമാരെയും നോഡൽ ഓഫീസർമാരെയും പ്രതികളാക്കിയാണ് ഗുരുഗ്രാം പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് പരാതിക്കാരൻ.
വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മെയ് 27ന് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ ഉപയോഗിച്ച മൂന്ന് ഫോൺ നമ്പറുകളെക്കുറിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ വാട്സാപ്പ് നൽകിയില്ലെന്നാണ് പരാതി. പോലീസിൻ്റെ ഉത്തരവ് അനുസരിക്കാതിരിക്കുക, കുറ്റവാളികളെ സംരക്ഷിക്കുക, തെളിവായി ഹാജരാക്കേണ്ട ഇലക്ട്രോണിക് രേഖകൾ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് സോഷ്യൽ മീഡിയ ആപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 17ന് വാട്ട്സാപ്പിന് വിവരങ്ങൾ ആവശ്യപ്പെട്ട് ഇ മെയിൽ അയച്ചിരുന്നു. നമ്പറുകൾ ഉപയോഗിച്ച് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിശദീകരണം മെസേജിംഗ് ആപ്പ് ആവശ്യപ്പെട്ടു. ജൂലൈ 25ന് പോലീസ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി മറുപടി നൽകി. അന്വേഷണത്തിൽ വാട്സാപ്പിൻ്റെ സഹകരണത്തിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. എന്നാൽ പോലീസിൻ്റെ ആവശ്യം സോഷ്യൽ മീഡിയ ആപ്പ് നിരസിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here