വാഹനാപകടം കൊലപാതകമായ കേസിൽ കുറ്റപത്രം; ആദിശേഖർ വധക്കേസിൽ വിചാരണ ഉടൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനഞ്ചുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാട്ടാക്കട പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ (42)ആണ് കേസിലെ പ്രതി. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയായ ലായിസൈക്കിളിൽ സഞ്ചരിക്കുമ്പോൾ വീരണകാവ് കുഴക്കാട് അമ്പലം ജംഗ്ഷനിലായിരുന്നു സംഭവം. ആദ്യം വാഹനാപകടമെന്ന നിലയിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പ്രതി മദ്യപിച്ചു ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് വിരോധകാരണം.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ സെപ്റ്റംബർ 11ന് തമിഴ്നാട് അതിർത്തിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അടുത്തദിവസം റിമാൻഡിലായ ഇയാൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. പ്രതി റിമാൻഡിലായി എഴുപത് ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
പ്രതി കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തന്നെ വിചാരണ ആരംഭിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. അഡ്വ ശാസ്തമംഗലം വിനീത് കുമാറാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. പ്രതിഭാഗം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രതി ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here