മകളുടെ മൃതദേഹത്തിന് മുന്നില്‍ വച്ച് പണം നല്‍കാന്‍ ശ്രമിച്ചു; സംസ്‌കാരം നടത്തിയത് പോലീസ് നിര്‍ബന്ധിച്ച്; വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍
നാന്നൂറോളം പോലീസുകാര്‍ വീട് വളഞ്ഞ് നിര്‍ബന്ധിച്ചാണ് മകളുടെ സംസ്‌കാരം നടത്തിയതെന്ന് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍. ആശുപത്രിക്ക് മുന്നിലെ സമരപന്തലില്‍ എത്തി പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷമാണ് രക്ഷിതാക്കള്‍ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മകള്‍ ആത്മഹത്യ ചെയ്‌തെന്ന് അറിയിച്ച അധികൃതര്‍ മൂന്ന് മണിക്കൂര്‍ ആശുപത്രി വരാന്തയില്‍ നിര്‍ത്തിയ ശേഷമാണ് മൃതദേഹം കാണാന്‍ അനുവദിച്ചത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം ആഗ്രഹിച്ചിരുന്നില്ല. അടക്കം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പോലീസ് വീട് വളഞ്ഞ് നിര്‍ബന്ധിച്ചാണ് സംസ്‌കാരം നടത്തിയത്. പോലീസ് നിര്‍ദ്ദേശത്തെ എതിര്‍ത്തെങ്കിലും ഭീഷണിപ്പെടുത്തി സംസ്‌കാരം നടത്തുകയായിരുന്നു. സംസ്‌കാരത്തിന് ശേഷം വീടിന് മുന്നില്‍ പേരിന് ഒരു പോലീസുകാരനെ പോലും കാണാന്‍ കഴിഞ്ഞില്ല. ഇത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ക്രൂരമായി കൊലചെയ്യപ്പെട്ട മകളുടെ മൃതദേഹത്തിന് മുന്നില്‍ വച്ച് പണം നല്‍കാനും പോലീസ് ശ്രമിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് മനുഷ്യത്വം ഇല്ലാതെ ഈ പ്രവര്‍ത്തി ചെയ്തത്. അത് നിരസിച്ചപ്പോള്‍ വെളള പേപ്പറില്‍ ഒപ്പിട്ട് വാങ്ങാന്‍ ശ്രമിച്ചതായും കുടുംബം ആരോപിച്ചു. മമത സര്‍ക്കാര്‍ ഒരു നീതിയും നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഒന്‍പതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ സഞ്ജയ് റോയി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന സിബിഐയാണ് കേസ് നിലവില്‍ അന്വേഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here