13 ദിവസത്തെ സമരത്തിനൊടുവില്‍ വഴങ്ങി പൊലീസ്; ഐസിയു പീഡനക്കേസിലെ അതിജീവിത ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കോഴിക്കോട് : ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി പൊലീസ്. 13 ദിവസം കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് സ്വന്തം പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് ലഭിച്ചത്. മെഡിക്കല്‍ കോളജിലെ ഗൈനക്കോളജിസ്റ്റായ ഡോ.കെ.വി.പ്രീതിക്കെതിരായി നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത്.

റിപ്പോര്‍ട്ടിനായി പലവട്ടം പൊലീസിനെ സമീപിക്കുകയും വിവരാവകാശ നിയമം വഴി അപേക്ഷ നല്‍കുകയും ചെയ്തിട്ടും ലഭിക്കാത്തിതനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരം തുടങ്ങിയത്. കമ്മീഷണര്‍ രാജ്പാല്‍ മീണയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ പ്രതിഷേധം തുടര്‍ന്നിട്ടും പൊലീസില്‍ നിന്നും ആരും തിരിഞ്ഞു പോലും നോക്കിയില്ല. തുടര്‍ന്ന് എഡിജിപി ഹര്‍ഷിത അട്ടല്ലൂരിയെ ബന്ധപ്പെട്ടതിനു ശേഷമാണ് റിപ്പോര്‍ട്ട് കൈമാറാന്‍ നടപടി തുടങ്ങിയത്. വിശദമായ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് റിപ്പോര്‍ട്ട് കൈമാറിയത്.

റോഡരികില്‍ പല തരം അപമാനങ്ങള്‍ സഹിച്ചുള്ള പ്രതിഷേധം തുടരുന്നതിലെ മാനസിക ബുദ്ധിമുട്ടികള്‍ അതിജീവിത മാധ്യമ സിന്‍ഡിക്കറ്റുമായി പങ്കുവച്ചിരുന്നു. അപമാനങ്ങള്‍ അനുഭവിക്കുമ്പോള്‍ എല്ലാം മതിയാക്കി വീട്ടില്‍ ഒളിച്ചിരിക്കുമെന്നാണ് ഭരണകൂടം കരുതുന്നത്. എന്നാല്‍ അത് ഉണ്ടാകില്ല. ഈ അപമാനത്തേക്കാള്‍ വലിയ അനുഭവങ്ങളാണ് മനസില്‍ തിളയ്ക്കുന്നത്. അതുകൊണ്ട് തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും അതിജീവിത പറഞ്ഞിരുന്നു. ഈ ഉറച്ച തീരുമാനത്തിന് മുന്നിലാണ് ഭരണകൂടം തലകുനിച്ചിരിക്കുന്നത്.

2023 മാര്‍ച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കിടക്കുമ്പോള്‍ ആശുപത്രി ജീവനക്കാരന്‍ യുവതിയെ പീഡിപ്പിച്ചത്. അനസ്തേഷ്യയുടെ മയക്കത്തിലായിരുന്നു അപ്പോള്‍. ഇത് സംബന്ധിച്ച് അന്നത്തെ ഗൈനക്കോളജിസ്റ്റ് ഡോ.പ്രീതി നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് പോലീസ് നിഷേധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top