രാഹുലിനെ സഹായിച്ചത് പന്തീരാങ്കാവിലെ പൊലീസ് ഉദ്യോഗസ്ഥന്‍; രാജ്യം വിടാന്‍ ഉപദേശിച്ചു; അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ജര്‍മ്മന്‍ പൗരന്‍ എന്നത് നുണ

കോഴിക്കോട് : നവവധുവിനെ ക്രൂരമായ മര്‍ദിച്ച കേസിലെ പ്രതിയായ രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടെത്തല്‍. രാജ്യം വിടാന്‍ ഉപദേശിച്ചതും ഈ ഉദ്യോഗസ്ഥനാണ്. പരിശോധനകള്‍ ഒഴിവാക്കി ബംഗലൂരുവില്‍ എത്താനുള്ള വഴിയും പറഞ്ഞു കൊടുത്തു. കേസിലെ അന്വേഷണ വിവരങ്ങളും പ്രതിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ട്. രാഹുലിന്റെ സുഹൃത്ത് രാജേഷിനാണ് അന്വേഷണ വിവരങ്ങളെല്ലാം ചോര്‍ത്തി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനും രാജേഷും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേര് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കോള്‍ റെക്കോര്‍ഡ്‌സ് അടക്കം പരിശോധിക്കുകയാണ്. പരാതി ഒതുക്കി തീര്‍ക്കാന്‍ പന്തീരാങ്കാവ് പൊലീസ് ശ്രമിച്ചുവെന്ന് മര്‍ദനമേറ്റ യുവതിയും കുടുംബവും ആരോപിച്ചിരുന്നു. ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രതി പൊലീസിന്റെ തോളില്‍ കൈയ്യിട്ടാണ് സ്‌റ്റേഷനില്‍ നിന്നതെന്നും യുവതി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ മെമ്മോ നല്‍കിയിട്ടുണ്ട്. എസ്എച്ച്ഒ സസ്‌പെന്‍ഷനിലുമാണ്.

പ്രതി രാഹുല്‍ ജര്‍മ്മന്‍ പൗരനാണെന്ന് അമ്മ പറഞ്ഞത് നുണയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് യാത്ര നടത്തിയിരിക്കുന്നതെന്നും സ്ഥിരീകരിച്ചു. രാഹുലിനെ തിരിച്ചെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top