ജീവനൊടുക്കിയ എപിപിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് ബാർ അസോസിയേഷൻ; ശബ്‌ദരേഖയില്‍ അന്വേഷണം

കൊല്ലം: പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) എസ്.അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്‌ദരേഖയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരിൽ നിന്നുണ്ടായ മാനസിക പീഡനമാണെന്ന തരത്തിലുള്ള ശബ്‍ദം രേഖയും ഡയറികുറിപ്പും കേന്ദ്രീകരിച്ചാണ് പരവൂർ പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അനീഷ്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചതായി അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബോറിസ് പോൾ മാധ്യമ സിൻഡിക്കറ്റിനൊട് പറഞ്ഞു. ‘തൊഴിലിടത്തിൽ നേരിട്ട സമ്മർദ്ദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന ശബ്‌ദരേഖ പുറത്തുവന്നത്തോടെ കുടുംബാംഗങ്ങൾ ആകെ ക്ഷുഭിതരാണ്. നിയമപരമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ബാർ അസോസിയേഷൻ അതിന് എല്ലാ സഹായവും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും’ അഡ്വ. ബോറിസ് പറഞ്ഞു. അനീഷ്യയും ഭർത്താവ് അജിത്കുമാറും ഏറെനാൾ കൊല്ലം ബാർ അസോസിയേഷനിൽ അംഗങ്ങളായിരുന്നു. ശബ്ദരേഖയും ഡയറിക്കുറിപ്പും ആധികാരികമാണോയെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ സാധിക്കു എന്ന് പോലീസ് പറഞ്ഞു.

മേലുദ്യോഗസ്ഥനും മറ്റൊരു എപിപിയും പൊതുസഭയിൽ വച്ച് അപമാനിക്കുകയും ജോലി ചെയ്യാൻ തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ശബ്‌ദസന്ദേശത്തിൽ അനീഷ്യ ആരോപിക്കുന്നത്. കുടുബത്തിലെ ഉത്തരവാദിത്തങ്ങൾക്കിടയിൽ ജോലി ചെയ്യുമ്പോൾ ഈ സമ്മർദ്ദം കൂടി താങ്ങാൻ കഴിയുന്നില്ല. മാവേലിക്കര സെഷൻസ് കോടതിയിൽ ജഡ്‌ജിയായ ഭർത്താവിനോട്‌ ജോലിസ്ഥലത്ത് നേരിടുന്ന അവഗണന സംബന്ധിച്ച് പറഞ്ഞിരുന്നു. എന്നാൽ ജഡ്ജ് ആയതുകൊണ്ടുതന്നെ തന്റെ ഔദ്യോഗിക വിഷയങ്ങളിൽ ഇടപെട്ടാൽ ദുർവ്യാഖ്യാനം ചെയ്യുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. കഴിഞ്ഞദിവസമാണ് നെടുങ്ങോലത്തെ വീട്ടിൽ മരിച്ച നിലയിൽ അനീഷ്യയെ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ശേഷമാണ് അനീഷ്യ ആത്മഹത്യ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top