ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പുന്നപ്ര പൊലീസ്; ശോഭ സുരേന്ദ്രന്റെ പരാതിയില്‍ ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ നോട്ടീസ്

ആലപ്പുഴ : ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദല്ലാള്‍ നന്ദകുമാറിന് കേരള പൊലീസിന്റെ നോട്ടീസ്. ആലപ്പുഴ പുന്നപ്ര പൊലീസാണ് നന്ദകുമാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 9ന് നേരിട്ട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നന്ദകുമാറിന്റെ വീട്ടിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും ആരോപിച്ചാണ് നന്ദകുമാറിനെതിരെ ശോഭ പരാതി നല്‍കിയത്. ഡിജിപിക്ക് നല്‍കിയ പരാതി പുന്നപ്ര പൊലീസിന് കൈമാറുകയായിരുന്നു. ആലപ്പുഴ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ പുന്നപ്രയിലെ വാടക വീട്ടിലാണ് ശോഭ ഇപ്പോള്‍ താമസിക്കുന്നത്. അതിനാലാണ് പരാതി പുന്നപ്ര സ്റ്റേഷന് കൈമാറിയത്

ശോഭ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ പുന്നപ്ര പൊലീസ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ച ശേഷമാണ് നന്ദകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. സ്ഥലം വില്‍പ്പനയുടെ ഭാഗമായി നല്‍കിയ പത്ത് ലക്ഷം രൂപ ശോഭ സുരേന്ദ്രന്‍ തിരികെ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top