വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്; മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘവും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായി. രണ്ട് പേര്‍ പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് എകെ 47 തോക്കുകളും ഒരു എസ്എല്‍ആറും പിടിച്ചെടുത്തിട്ടുണ്ട്.
പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ടും പോലീസും സംഘത്തെ വളഞ്ഞത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി. അരമണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നു. മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്തിടെ അടിക്കടി മാവോവാദിസാന്നിധ്യമുണ്ടായ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലാണ് പേര്യ.
പോലീസ് പിടിയിലായ ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. അകത്തുണ്ടായിരുന്ന മാവോവാദികള്‍ പോലീസിനുനേരെ പലതവണ വെടിയുതിര്‍ത്തു. ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. പോലീസിന്റെ നീക്കത്തില്‍ ഇവര്‍ പെട്ടുപോവുകയായിരുന്നു. തോക്ക് പെട്ടെന്ന് പ്രവര്‍ത്തിക്കാതെയായതിനാല്‍ പോലീസിന് എളുപ്പത്തില്‍ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നാണ് സൂചന. കബനീദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന.
വെടിവെപ്പ് നടക്കുന്ന സമയം വീട്ടിലെ താമസക്കാരനായ അനീഷും രണ്ടരവയസ്സുള്ള കുട്ടിയും അമ്മയും സഹോദരനും ഭാര്യയും വീടിനകത്തുണ്ടായിരുന്നു. തിങ്കളാഴ്ച മൂന്ന് സ്ത്രീകള്‍ ഈ വീട്ടിലെത്തി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് അനീഷ് എത്തുമ്പോഴും നാല് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം അവിടെയുണ്ടായിരുന്നു. ഈ സമയത്താണ് പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘം എത്തുന്നത്. ഒരു മാസംമുമ്പ് കമ്പമലയിലെത്തിയ മാവോവാദിസംഘം വനം വികസന കോര്‍പ്പറേഷന്‍ ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ത്തിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here