പിസി ജോർജിൻ്റെ അതീന്ദ്രിയജ്ഞാനം!! ‘ഈരാറ്റുപേട്ടയിലെ സ്ഫോടകവസ്തുക്കൾ രാജ്യമാകെ കത്തിക്കാൻ’ എന്ന വെളിപാട് വീണ്ടും കുരുക്കാകുന്നു

ജയിലിൻ്റെ തണുത്ത തറയിൽ കിടന്നുറങ്ങാനുള്ള യോഗം രണ്ടുതവണ കഷ്ടിച്ച് ഒഴിവായെങ്കിലും, പ്ലാത്തോട്ടത്തിൽ ചാക്കോ ജോർജ് ഈ 72ാം വയസിൽ അത് വിട്ടുകളയുന്ന ലക്ഷണമില്ല. സ്വൈര്യമായി ജീവിക്കുന്ന നാട്ടുകാർക്കും പോലീസിനും തലവേദനയുണ്ടാക്കാൻ മാത്രമായി ഓരോരോ കണ്ടുപിടുത്തങ്ങളുമായി പിന്നെയും ഇറങ്ങുകയാണ്. അത്രക്കാണ് ‘പൂഞ്ഞാർ ബ്യൂറോ ഇൻവെസ്റ്റിഗേഷൻ്റെ’ വെളിപാടുകൾ. പതിവുപോലെ ഇത്തവണയും ന്യൂനപക്ഷങ്ങൾക്കെതിരെയാണ്. ലൗജിഹാദ് എന്ന് പേരിട്ട പ്രണയവിവാഹങ്ങളിലൂടെ ഇസ്ലാമിലേക്ക് എത്തിയ പെൺകുട്ടികളുടെ താലൂക്ക് തിരിച്ചുള്ള കണക്കാണ് ഇന്നലെ പുറത്തുവിട്ടത്. സ്ഥിരം വാചകമടി പോലെയല്ല, ഇത്തവണ പക്ഷെ അച്ചായൻ കണക്ക് ബോധിപ്പിക്കേണ്ടി വരും.
മുൻപും ഇത് തന്നെയായിരുന്നു സ്ഥിതി. അന്വേഷണവും കണക്കും ഒന്നുംവേണ്ട, മാലിന്യപൈപ്പ് തുറന്നുവിട്ടത് പോലെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും അനർഗനിർഗളം പ്രവഹിക്കുകയായിരുന്നു ആ വായിൽനിന്നും. ബിഷപ് ഫ്രാങ്കോ പ്രതിയായ കേസിലും നടൻ ദിലീപ് പ്രതിയായ കേസിലും പരാതിക്കാരായ സ്ത്രീകൾക്ക് എതിരെയുണ്ടായ ആ വാഗ്ധോരണി കേരളം കേട്ടതാണ്. അന്നുപക്ഷെ അത് വർഗീയതയുടെ തലത്തിലായിരുന്നില്ല എന്നതിനാൽ പലരും കണ്ണടച്ചു. ഇരകളായവർ മാത്രം സഹിച്ച് മൗനം പാലിച്ചു. ഇപ്പോഴാകട്ടെ സ്ഥിതി മാറി, ബിജെപിയിൽ എത്തിയതോടെ സകല വർഗീയതയും വിളമ്പാൻ ലൈസൻസ് കിട്ടിയത് പോലായി.

ബിജെപിക്കാരെ കടത്തിവെട്ടുന്ന വർഗീയത പറയുകയും പരമതവിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതാലല്ലാതെ പുതിയ കളത്തിൽ തനിക്ക് കാലുറപ്പിക്കാനാകില്ല എന്ന ധാരണയാണ് ഈ പ്രായത്തിൽ ഇയാളെ ഭരിക്കുന്നതെന്ന മട്ടിലാണ് പ്രയോഗങ്ങൾ. അതാണ് സ്വന്തം തട്ടകമായ ഈരാറ്റുപേട്ടയിൽ ഒരുകടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയപ്പോൾ, സകല അന്വേഷണ ഏജൻസിക്കും മുന്നേ അതിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞത്. രാജ്യം മുഴുവൻ കത്തിക്കാനുള്ളതാണ് അവയെന്നാണ് പൂഞ്ഞാർ ബ്യൂറോയുടെ കണ്ടെത്തൽ. അതുപോലെ മീനച്ചിൽ താലൂക്കിൽ നിന്ന് മാത്രം ലൗജിഹാദിലൂടെ 400 പെൺകുട്ടികൾ ഇസ്ലാമിലേക്ക് പോയെന്ന കണക്കും ഒരു ഏജൻസിയും പറയാത്തതാണ്.
ഇത്തവണ കേസിൽ പ്രതിയായാൽ ഇതിലെല്ലാം വിശദീകരണം നൽകേണ്ടി വരും. രണ്ടുപേർ നൽകിയ പരാതി പോലീസ് ഉന്നതലത്തിലും പരിശോധിക്കുകയാണ്. നിയമോപദേശം കിട്ടിയാൽ പ്രതിചേർത്ത് കേസെടുക്കും. കയ്യിലിരുപ്പ് കൊണ്ട് ഇനിയും അതുണ്ടാൽ ബിജെപിയും പഴയതുപോലെ ചുമന്നുകൊണ്ട് നടന്നേക്കില്ല. ഇങ്ങനെ വലിഞ്ഞുകേറി വരുന്നവരെയും കേന്ദ്രനേതൃത്വം നൂലിൽ കെട്ടിയിറക്കുന്നവരെയും അല്ലെങ്കിൽ തന്നെ കേരളത്തിലെ ബിജെപിക്കാർക്ക് കണ്ടുകൂടാ. അപ്പോഴാണ് അടിക്കടി ഇതുപോലെ വയ്യാവേലിയും. വർഗീയസ്വഭാവമുള്ള കേസിൽ പെട്ടാൽ ഇനി ജാമ്യമെടുക്കലും പണിയാകും. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് കഴിഞ്ഞ തവണ ജയിലിന് പകരം ആശുപത്രിയിൽ കിടന്ന് ജാമ്യമെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here