ജോലിഭാരമോ പീഡനമോ?കേരളത്തിലെ പോലീസുകാരില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നു

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളത്തിലെ പോലീസുകാര്‍ ആത്മഹത്യാ മുനമ്പിലേക്ക് നീങ്ങുകയാണോ? ഇന്നലെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവര്‍ത്തകര്‍ തക്കസമയത്ത് കണ്ടെത്തിയതാണ് ജീവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. കഴിഞ്ഞ ദിവസമാണ് കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജോബി ദാസിനെ മൂവാറ്റുപുഴയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ‘സഹപ്രവര്‍ത്തകരും ഡിപ്പാര്‍ട്ട്മെന്റുമാണ് മരണത്തിന് കാരണം’ എന്ന കുറിപ്പ് എഴുതിവെച്ചാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതിന് മുന്‍പും എത്രയോ പോലീസ് മരണങ്ങള്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടായി. പോലീസുകാരുടെ ആത്മഹത്യകളും ആരും അറിയാതെയുള്ള മരണങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ച് വരികയാണ്.

ഒരു വര്‍ഷം ശരാശരി 18 പോലീസുകാരെങ്കിലും ആത്മഹത്യ ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. കഴിഞ്ഞ എഴ് വര്‍ഷത്തിന്നിടെ ആത്മഹത്യയില്‍ അഭയം തേടിയത് 80 ഓളം പോലീസുകാരാണെന്നും കണക്കുകള്‍ പറയുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ പോലീസ് സേനയും അതേ നിയമങ്ങളുമാണ് നടപ്പിലുള്ളത്. പോലീസ് സേനയില്‍ ഘടനാപരമായ മാറ്റം വേണമെന്നും സമഗ്രമായ പരിഷ്ക്കരണ നടപടികള്‍ വേണമെന്നുമുള്ള ആവശ്യമാണ് സേനയ്ക്കുള്ളില്‍ നിന്നും വരുന്നത്. ‘ഈ ജോലി ഞാന്‍ ഇഷ്ടപ്പെടുമ്പോള്‍ തന്നെ പല കൊച്ച് കൊച്ച് കാര്യങ്ങളും എനിക്ക് നഷ്ടപ്പെടുന്നു. അത് വിലയേറിയതും പരിഹരിക്കാനാകാത്തതുമാണ്’ ചെറുപ്രായത്തില്‍ തന്നെ ഐപിഎസ് വിടുമ്പോള്‍ ഇപ്പോഴത്തെ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷനായ കെ.അണ്ണാമലൈ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ കേരളത്തിലെ പോലീസ് സേനയെ സംബന്ധിച്ചും പ്രസക്തമാണ്.

ജോലിയിലെ പ്രശ്നങ്ങള്‍ കാരണം വയനാട്ടിലെ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡ്യൂട്ടിക്കിടെ മുങ്ങി. ഇത് വാര്‍ത്തയായി. അസി.കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട എറണാകുളം സെൻട്രൽ സി.ഐ നവാസിനെ കണ്ടെത്തിയത് കോയമ്പത്തൂരിലായിരുന്നു. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. ഡ്യൂട്ടി പോലീസുകാര്‍ക്ക് അസുഖകരമായ അനുഭവമായി മാറുകയാണ്. തുടർച്ചയായ ഡ്യൂട്ടിയാണ് പ്രധാന പ്രശ്നം. എട്ടു മണിക്കൂറുള്ള ഡ്യൂട്ടി പലപ്പോഴും 12-18 മണിക്കൂറായി നീളുന്നു. കഠിനമായ മാനസിക സമ്മര്‍ദ്ദവും ശാരീരിക അവശതകളും കേരള പോലീസില്‍ പടരുകയാണ്.

എന്താണ് കേരളത്തിലെ പോലീസ് സേന നേരിടുന്ന പ്രശ്നം? എരിതീയില്‍ നിന്നും വറ ചട്ടിയിലേക്കാണോ പോലീസ് സേനാംഗങ്ങളുടെ സഞ്ചാരം? എന്തുകൊണ്ടാണ് പോലീസുകാരുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്നത്. നിരവധി കാരണങ്ങളാണ് സേനയിലുള്ളവര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പങ്ക് വയ്ക്കുന്നത്. അനിയന്ത്രിതമായ ജോലി ഭാരം, അയവില്ലാത്ത നേതൃത്വം, ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, ലീവില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, മാനസിക സമ്മര്‍ദ്ദം, മദ്യത്തിന് അടിമയാകുന്ന അവസ്ഥ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളുടെ പിടിയിലാണ് സേനയിലെ ഭൂരിപങ്കും പേരും. ദൈവാധീനം കൊണ്ട് എങ്ങനെയോ മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് പോലീസ് എന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. സഹിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ പലരും ആത്മഹത്യ തന്നെ രക്ഷ എന്ന് കരുതുന്നു-ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.

ജോലി സാഹചര്യം ഒരു പ്രധാന ഘടകമാണ്. ജോലിയിലെ സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്. മദ്യപാനം, വ്യക്തിപരമായ പ്രശ്നങ്ങള്‍, കുടുംബവഴക്കുകള്‍ തുടങ്ങിയവയാണ് പോലീസുകാരുടെ ഇടയിലെ ആത്മഹത്യകള്‍ക്ക് മുഖ്യകാരണം. അയവില്ലാത്ത നേതൃത്വതമാണ് മറ്റൊരു പ്രശ്നം. മേലുദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്നു. അനിഷ്ടം തോന്നിയാല്‍ പീഡനമാണ്. ലീവും ലഭിക്കില്ല. പോലീസുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ക്ഷേമകാര്യങ്ങള്‍ നോക്കാനുമാണ് അസോസിയേഷന്‍. ഭരണമുന്നണിയുമായി അടുത്ത് നില്‍ക്കുന്ന ഇപ്പോഴത്തെ അസോസിയേഷന്‍ പലപ്പോഴും നിശബ്ദമാണ്.

എആര്‍ ക്യാമ്പിലും പ്രശ്നങ്ങള്‍ പുകയുന്നുണ്ട്. അസോസിയേഷന്‍റെ ആളുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അസോസിയേഷന്‍ ബന്ധമുണ്ടെങ്കില്‍ ഡ്യൂട്ടി കടലാസില്‍ ഒതുങ്ങും. ഇവരുടെ ജോലി കൂടി മറ്റുള്ളവര്‍ ചെയ്യേണ്ടുന്ന അവസ്ഥയാണ്. ഇത് മറ്റു ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ലീവ് ലഭിക്കുന്നില്ല. ഡിഎ ലഭിക്കുന്നില്ല. ലീവ് സറണ്ടര്‍ ഇല്ല. താങ്ങാന്‍ കഴിയാത്ത ജോലിഭാരവും. ഇതെല്ലാം പൊട്ടിത്തെറിയ്ക്ക് വഴിമരുന്നിടുന്നു. ആള്‍ക്ഷാമം പോലീസ് സേനയില്‍ രൂക്ഷമാണ്. ലീവ് കൊടുത്താല്‍ പകരം ജോലി ചെയ്യാന്‍ ആളില്ല. ലീവും നല്‍കുന്നില്ല. ലീവില്ലെങ്കില്‍ ജോലി ചെയ്ത ദിവസത്തെ പണം നല്‍കണമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ലീവും പണവും ലഭിക്കാത്ത അവസ്ഥയുണ്ട്.

പോലീസുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദാലത്ത് വയ്ക്കാറുണ്ട്. ഇപ്പോള്‍ അദാലത്തും നടക്കുന്നില്ല എന്നാണ് സേനയില്‍ നിന്നും ലഭിക്കുന്ന വിവരം. പല പോലീസ് മേധാവികളും പോലീസുകാരെ കാണാനോ കേള്‍ക്കാനോ തയ്യാറാകാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം പോലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ ചെയ്യിക്കുന്നുണ്ട്. ആ യോഗയും പീഡനമായ അവസ്ഥയാണ്.

യോഗയ്ക്കുള്ള സമയം രാവിലെ എഴുമണിയാണ്. എഴുമണിയ്ക്കുള്ള യോഗയ്ക്ക് എത്തണമെങ്കില്‍ അഞ്ച് മണിക്കേ വീട്ടില്‍ നിന്നും എഴുന്നേറ്റ് വരേണ്ട അവസ്ഥ പല പോലീസുകാരും നേരിടുന്നുണ്ട്. മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയുടെ കാലത്ത് പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സംഗീത സദസ് സംഘടിപ്പിച്ചു. ഈ സദസിന് എത്തിയ ഉന്നത പോലീസ് മേധാവികളുടെ വാഹനപാര്‍ക്കിംഗിനും മറ്റ് സൗകര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കേണ്ട അവസ്ഥയാണ് പോലീസുകാര്‍ നേരിട്ടത്. പോലീസുകാര്‍ക്ക് വേണ്ടിയുള്ള സംഗീതം ആസ്വദിച്ചത് ഉന്നത മേധാവികളും. ഇത്തരം ക്രൂരമായ തമാശകളാണ് പോലീസ് ക്ഷേമത്തിന്റെ പേരില്‍ പലപ്പോഴും നടന്നുവരുന്നത്.

‘ദേശീയ തലത്തില്‍ തന്നെ പോലീസിലെ ആത്മഹത്യയും കൊലപാതകങ്ങളും വര്‍ദ്ധിക്കുകയാണ്. അനിയന്ത്രിതമായ ജോലി ഭാരവും സമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാതെ പോലീസുകാര്‍ സ്വന്തം ജീവന്‍ ഹോമിക്കുന്നതും സഹപ്രവര്‍ത്തകരുടെയും ജീവനുകള്‍ എടുക്കുന്നതുമായ വാര്‍ത്തകള്‍ നിത്യേന എന്നോണം വരുന്നുണ്ട്. ജോലി സമ്മര്‍ദ്ദം ഇതിന് വലിയൊരളവില്‍ കാരണമാകുന്നുണ്ട്. പക്ഷെ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്’-മുതിര്‍ന്ന ഒരു ഡിജിപി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പോലീസ് ജോലി തേടി എത്തുന്നത്. ഒരു പോലീസുകാരന്റെ ജോലി എന്താണെന്ന് തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അവര്‍ക്ക് മനംമടുപ്പ് വരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇതാണ് അവസ്ഥ എന്ന ചിന്ത അലട്ടുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ ഗ്രേഡ് വണ്‍ പോലീസ് കോണ്‍സ്റ്റബിളുണ്ട്. ഗ്രേഡ് ടു പിസിയുമുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഈ പോസ്റ്റില്‍ അപേക്ഷിക്കാം. കേരളത്തില്‍ ഈ സാഹചര്യമില്ല. എല്ലാവര്‍ക്കും ഒരേ ജോലി ചെയ്യേണ്ടി വരുന്നു. പോലീസ് ഓഫീസര്‍മാര്‍ക്കുള്ള നല്ല ശമ്പളമാണ് ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരെ ആകര്‍ഷിക്കുന്നത്. പക്ഷെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും നേരിടുന്ന കടുത്ത പെരുമാറ്റം ഇവരുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു. അവധിയും പലപ്പോഴും ലഭിക്കുന്നുമില്ല. ഇതൊക്കെയാണ് ആത്മഹത്യകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നത്. പോലീസുകാരെ കേള്‍ക്കാന്‍ മേലുദ്യോഗസ്ഥര്‍ തയ്യാറാകണം. അതിനു സന്നദ്ധമാകാത്തത് സ്ഥിതി വഷളാക്കുന്നുണ്ട്’-മുതിര്‍ന്ന ഡിജിപി പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top