ഒന്നാംപ്രതി എസ്പി!! കേസെടുക്കാതെ ഒളിച്ചുകളിച്ച് പോലീസ്; റോഡടച്ച് സ്റ്റേജ് കെട്ടിയതിൽ ആർക്കും പ്രശ്നമില്ലെന്ന് ന്യായം

തിരക്കേറിയ റോഡിൽ വേദികെട്ടി പൊതുപരിപാടി; ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി; പരിപാടിക്കായി നടുറോഡിൽ ബാരിക്കേട് വച്ചുകൊടുത്തും, ഞെങ്ങിഞെരുങ്ങി പോകുന്ന വണ്ടികൾക്കിടയിലൂടെ കാൽനടക്കാരെ പാടുപെട്ട് കടത്തിവിട്ടും പോലീസുകാർ…. പൊതുനിരത്തുകൾ മൈതാനമാക്കി പരിപാടി നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിനെ ഹൈക്കോടതി തലങ്ങും വിലങ്ങും കൈകാര്യം ചെയ്യുമ്പോൾ തന്നെയാണ് തിരുവനന്തപുരം ബാലരാമപുരത്ത് ഈ വിചിത്ര സംഭവമുണ്ടായത്.
ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ‘വനിതാജ്വാലാ ജംഗ്ഷൻ’ എന്ന പരിപാടി സംഘടിപ്പിച്ചവരാണ് തിരുവനന്തപുരം റൂറൽ പോലീസിനെ വെട്ടിലാക്കിയത്. യഥാർത്ഥത്തിൽ പോലീസിനെ എന്നല്ല, ജില്ലാ പോലീസ് മേധാവിയായിരുന്ന വനിതാ എസ്പിയെ തന്നെയാണ് അവർ വെട്ടിലാക്കിയതെന്ന് പറയണം. തിരക്കേറിയ ജംഗ്ഷനിൽ വേദികെട്ടി, നൂറുകണക്കിന് ആളുകളെ കസേരയിട്ടിരുത്തി നടത്തുന്ന പരിപാടി പറ്റില്ലെന്ന് പറയാൻ ചുമതലപ്പെട്ട എസ്പി കിരൺ നാരായണനെ ഉദ്ഘാടകയാക്കി രംഗത്തിറക്കി. എന്നാൽ അതിന് പിന്നിലെ അതിബുദ്ധി തിരിച്ചറിയാനുള്ള വകതിരിവ് ഐപിഎസുകാരിക്ക് ഇല്ലാതെപോയി എന്നതാണ് കഷ്ടം.

തിരുവനന്തപുരം ജില്ലയിൽതന്നെ വഞ്ചിയൂരിൽ റോഡടടച്ചുകെട്ടി പാർട്ടി സമ്മേളനം നടത്തിയതിൽ രൂക്ഷവിമർശനം ഉന്നയിച്ച് ഹൈക്കോടതി ഇടപെട്ടതിന് ശേഷമാണ് ഇതുണ്ടായത്. കർശന നടപടിക്ക് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ച കുളത്തൂർ ജയസിങ് എന്ന അഭിഭാഷകൻ്റെ ഹർജിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കണ്ണൂരിൽ കഴിഞ്ഞദിവസം റോഡ് തടഞ്ഞ് പ്രതിഷേധപരിപാടി നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും കെ വി സുമേഷ് എംഎൽഎക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇതിനെല്ലാം ശേഷവും ബാലരാമപുരത്ത് റോഡ് തടസപ്പെടുത്തിയതിൽ കേസെടുക്കാൻ പോലീസ് തയ്യാറില്ല. നടുറോഡിൽ സ്റ്റേജ് നിർമിച്ചത് കാരണം പൊതുജനത്തിനോ വാഹനഹങ്ങൾക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും, അതിനാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല എന്നുമാണ് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ച കുളത്തൂർ ജയസിങിന് ബാലരാമപുരം എസ്എച്ച്ഒ പി എസ് ധർമ്മജിത്ത് നൽകിയിരിക്കുന്ന മറുപടി. സംഘാടകർക്കെതിരെ കേസെടുത്താൽ എസ്പി പെടും എന്നതിനാൽ ഏതുവിധേയനയും അതൊഴിവാക്കാൻ ഉന്നതതല നിർദേശമുണ്ട്. നിലവിൽ കൊല്ലം സിറ്റി പോലീസ് കമ്മിഷണറാണ് കിരൺ നാരായണൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here