മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യും; ഡിജിപിയുടെ വീട്ടിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തവര്‍ വെള്ളിയാഴ്ച ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം : ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം.
മ്യൂസിയം പോലീസ് അന്വേഷിക്കുന്ന ക്രൈം നമ്പര്‍ 1616/2023 പ്രതിയെന്ന് സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമിനല്‍ നടപടി ക്രമം 41എ വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നോട്ടീസിലുണ്ട്.
മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. പോലീസിന്റെ ഈ നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. ഈ പോലീസ് നടപടിയില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here