വികാരിയെ അടിച്ചു പഞ്ചറാക്കിയ അൽമായ മുന്നേറ്റക്കാർക്ക് പോലീസിൻ്റെ നോട്ടീസ്; പ്രതിഷേധം നടത്തിയാൽ പണി കിട്ടും

കോട്ടയം ജില്ലയിലെ വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി നാളെ നടത്താനിരുന്ന പ്രകടനം വിലക്കി പോലീസ്. പരിപാടിക്ക് അനുമതിയില്ലെന്ന് അറിയിച്ച് സംഘാടകരായ അൽമായ മുന്നേറ്റം ഭാരവാഹികൾക്ക് തലയോലപ്പറമ്പ് സിഐ നോട്ടീസ് നൽകി. റോഡ് ഉപരോധിച്ച് പരിപാടി നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അൽമായ മുന്നേറ്റം വൈക്കം ഫൊറോന പ്രസിഡൻ്റ് എം എം മാത്യൂ മണിപ്പാടന് നൽകിയ നോട്ടീസിൽ പറയുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയിൽപ്പെട്ട ഈ പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലി തർക്കം നിലനിൽക്കുകയായിരുന്നു. മെത്രാൻ സിനഡ് നിർദേശിച്ച വിധത്തിൽ ഏകീകൃത കുർബാന നടത്താൻ അഡ്മിനിസ്ട്രേറ്ററായി ഫാ.ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഈ മാസം ഒന്നിന് രാവിലെ വൈദികനെത്തി കുർബാന തുടങ്ങിയതോടെ ഒരു വിഭാഗമാളുകൾ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു. ഫാ. ജോണിനെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി പോലീസ് എഫ്ഐആറിലുണ്ട്.

ഇരുപക്ഷത്തുമുള്ള 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇടവക വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ച് പള്ളി പൂട്ടിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികൾ വിലക്കികൊണ്ടുള്ള പോലീസ് ഇടപെടൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top