കാട്ടാനയെ വിരൽചൂണ്ടി വിറപ്പിച്ച പോലീസ് ആക്ഷൻ വൈറലാകുമ്പോൾ, അതേ വീഡിയോ ഡിലീറ്റുചെയ്ത് പോലീസ് ഫെയ്സ്ബുക്ക് സംഘം; വിചിത്രനീക്കം

സിവിൽ പോലീസ് ഓഫീസർ കെ.എം.മുഹമ്മദ്; തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആതിരപ്പള്ളി വനപാതയിൽ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച കാട്ടുകൊമ്പനെ വിരട്ടിയോടിച്ചത് ഇദ്ദേഹമാണ്. ഓലയൊടിക്കാനായി ഇടക്കിടെ ആ വഴിക്ക് എത്താറുള്ള ആനയാണിത്. അന്നുപക്ഷേ, റോഡിലിറങ്ങി നിന്നതോടെ ഗതാഗതം തടസപ്പെടാതിരിക്കാനാണ് ഇടപെട്ടത്; മുഹമ്മദ് പറയുന്നു.

കൈ ചൂണ്ടി, ഉറച്ച ശബ്ദത്തിൽ നിർദേശം നൽകി മുഹമ്മദ് കാട്ടുകൊമ്പനെ റോഡിൽ നിന്ന് ആട്ടിപായിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്രുദ്ധനായി ഏതാനും നിമിഷം മുഹമ്മദിനെ നോക്കി നിൽക്കുന്നെങ്കിലും പിന്നീട് അനുസരണയോടെ കൊമ്പൻ കടന്നുപോകുന്നത് വ്യക്തമായി കാണാം. ആനയുടെ വരവ് കണ്ട് വഴി യാത്രക്കാർ അടക്കമുള്ളവർ ഓടിമാറുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

ആനയുടെ മർമ്മം അറിഞ്ഞുള്ള പ്രയോഗമായിരുന്നു എന്നും മറ്റും ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം കുറിക്കുന്നുണ്ട്. എന്നാൽ അതൊന്നുമല്ല; “അത്യാവശ്യം സമയത്ത് കാത്തുനിൽക്കാൻ കഴിയാത്തതിനാൽ നേരിട്ടിറങ്ങി ഇടപെട്ടുവെന്ന് മാത്രം. കൂടുതലൊന്നും അപ്പോൾ ആലോചിക്കാൻ കഴിയുമായിരുന്നില്ല. വീഡിയോ ഷൂട്ടുചെയ്തത് അവിടെ കുടുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരാണെന്ന് തോന്നുന്നു.” മുഹമ്മദ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

നാട്ടുകാർ ഷൂട്ടുചെയ്ത വീഡിയോ പുറത്തുവന്ന് വളരെ പെട്ടെന്ന് വൈറലായി. കേരള പോലീസിൻ്റെ ഫെയ്സ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇന്നലെ വൈകിട്ട് ഏതാണ്ടൊരു മണിക്കൂർ കൊണ്ട് വീഡിയോ അപ്രത്യക്ഷമായി. സോഷ്യൽ മീഡിയ വിഭാഗം തന്നെ ഡിലീറ്റ് ചെയ്തതാണെന്ന് ആണ് ഇപ്പോൾ വ്യക്തമാകുന്നത്. ആനക്ക് മുന്നിൽ സുരക്ഷയില്ലാതെ പെരുമാറുന്നത് ബുദ്ധിയല്ല എന്നും മറ്റുമുള്ള വിമർശനങ്ങൾ വന്നതാണ് കാരണമെന്നാണ് സൂചന.

എന്നാൽ വീഡിയോ വൈറലായതോ, പോലീസ് ഫെയ്സ്ബുക്ക് പേജിൽ നിന്ന് ഒഴിവാക്കപ്പെട്ടതോ സിപിഒ മുഹമ്മദ് അറിഞ്ഞിരുന്നില്ല. മാധ്യമ സിൻഡിക്കറ്റിൽ നിന്ന് ബന്ധപ്പെട്ടവർ അക്കാര്യങ്ങൾ അറിയിച്ചതോടെ പരിഭ്രമിച്ച മട്ടിലായ അദ്ദേഹം കൂടുതലൊന്നും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ഈ വാർത്തക്കൊപ്പം ചേർക്കാൻ സ്വന്തം ഫോട്ടോ ഒരെണ്ണം ചോദിച്ചത് പോലും നൽകാൻ പിന്നീട് മുഹമ്മദ് വിമുഖത കാണിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top