ഗുണ്ടാപോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പോലീസുകാരന് സസ്പെന്‍ഷന്‍: അച്ചടക്കം ലംഘിച്ചെന്ന് വിശദീകരണം; പരാതിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

പത്തനംതിട്ട : ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ആറന്‍മുള പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഉമേഷിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് അനുമതി തേടിയില്ല, മേലുദ്യോഗസസ്ഥരെ മോശമായി ചിത്രീകരിച്ചു തുടങ്ങിയ വീഴ്ചകള്‍ ചൂണ്ടികാട്ടിയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

മെയ് 28നാണ് ഉമേഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി ഉമേഷ് വളളിക്കുന്ന് എന്ന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഉമേഷിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങിയത്. ഉമേഷിന് ലഭിക്കുന്ന മൂന്നാമത്തെ സസ്‌പെന്‍ഷനാണിത്.

പോലീസില്‍ കീഴ്‌വഴക്കമില്ലാത്ത വിധം തീര്‍ത്തും അസാധാരണമായാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. കഞ്ചാവ് കേസിലെ പ്രതിയെ ലോക്കപ്പിലടയ്ക്കാതെ നാടുവിടാന്‍ സഹായിച്ച് ആറന്‍മുള എസ്എച്ച്ഒ, ഗുണ്ടയെ രക്ഷിക്കാന്‍ നിരന്തരം ഇടപെട്ട് പത്തനംതിട്ട ഡിവൈഎസ്പി എന്നിങ്ങനെ തനിക്ക് നേരിട്ടറിയുന്ന കാര്യങ്ങള്‍ എന്ന നിലയ്ക്കാണ് ഉമേഷ് ഇ-മെയില്‍ സന്ദേശത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ചത്.

ഗുണ്ട തമ്മനം ഫൈസലിന്റെ വിരുന്നുണ്ട ഡിവൈഎസ്പിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉമേഷിന്റെ പരാതി. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ടെന്നും അത് ആരെന്ന് ഡിജിപിയോട് ചോദിച്ചാല്‍ അറിയാന്‍ കഴിയില്ല. അതിന് താഴെക്കിടയിലുളള ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ചോദിക്കണമെന്നും ഉമേഷ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഉമേഷ് ഇന്നലെ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞിരുന്നു. ഇതിനിടയിലാണ് തിരക്കിട്ടുള്ള അന്വേഷണവും നടപടി സ്വീകരിക്കലും ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top