ഏഴുമാസമായി ശമ്പളമില്ല; ഓഫീസില്‍ എത്താന്‍ നിവര്‍ത്തിയില്ല; എസ്പിയുടെ നോട്ടീസിന് പോലീസുകാരന്റെ മറുപടി !!

പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധം അടക്കമുള്ള വഴിവിട്ട ഇടപാടുകള്‍ തുറന്നുപറയുന്ന ഉമേഷ് വളളിക്കുന്ന് എന്ന പോലീസുകാരനാണ് എസ്പി ഓഫീസില്‍ നിന്നുള്ള കത്തിന് കീഴ്വഴക്കളെല്ലാം മറികടന്ന് ഇത്തരമൊരു മറുപടി നല്‍കിയിരിക്കുന്നത്. ഉമേഷിന്റെ വെളിപ്പെടുത്തലുകള്‍ ദുര്‍നടപ്പായും പോലീസിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തികളായും ചിത്രീകരിച്ച് പലവട്ടം സസ്പെൻഷൻ അടക്കം നടപടികൾ എടുത്തിട്ടുണ്ട്. ഒരു മാസത്തോളമായി ഇപ്പോഴും സസ്പെൻഷനിലാണ്. അതിൻ്റെ ഭാഗമായി വിളിപ്പിച്ചതിന് മറുപടിയാണ് ഇങ്ങനെ നൽകിയിരിക്കുന്നത്.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറീസ് പണിഷ്‌മെന്റ് ആന്റ് അപ്പീല്‍ നിയമത്തിലെ ചട്ടം 14 പ്രകാരമുള്ള വിശദമായ അന്വേഷണത്തിന് എസ്പി ഓഫീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. പ്രത്യേക ദൂതന്‍ വഴി കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ഇതിന് അതേ നോട്ടീസില്‍ തന്നെ എഴുതി നല്‍കിയ മറുപടിയിലാണ് ശമ്പളം ലഭിക്കാത്തതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ഉമേഷ് അറിയിച്ചത്. “7 മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ ഹാജരാകാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വ്വം ബോധിപ്പിച്ചു കൊള്ളുന്നു” – ഇങ്ങനെയായിരുന്നു മറുപടി. വകുപ്പുതല നടപടികള്‍ നടക്കുന്നതിനാല്‍ ഉമേഷിന്റെ ശമ്പളം തടഞ്ഞിരിക്കുകയാണ്. ഇതിലെ പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ പോലീസുകാരോടുള്ള മോശം പെരുമാറ്റം, ജോലി സമ്മര്‍ദ്ദം, സേനയ്ക്കുളളില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലാണ് ഉമേഷ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്. ഒപ്പം ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളും പരാമര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പരാതിയായി ഉമേഷ് ഇമെയിൽ അയക്കുകയും ചെയ്തു. ഇങ്ങനെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നത് അച്ചടക്ക ലംഘനമാണെന്ന കാണിച്ചാണ് ഇപ്പോഴത്തെ സസ്പെൻഷൻ.

2015ല്‍ പോലീസിനു വേണ്ടി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരണം നടത്തിയതിനാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ പല തവണകളിലായി കട്ട് ചെയ്തത് 15 ഇന്‍ക്രിമന്റുകളാണ്. നിരവധി തവണ സ്ഥലം മാറ്റപ്പെടുകയും ചെയ്തു. ഏതാനും വർഷം മുൻപ് കോഴിക്കോട് കമ്മിഷണറുമായി കൊമ്പുകോർത്തതിൻ്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റപ്പെട്ടത്. അവിടെ എത്തിയപ്പോഴാണ് അവിടുത്തെ മേലുദ്യോഗസ്ഥരുടെ ഗുണ്ടാബന്ധവും മറ്റും ഫെയ്സ്ബുക്കിലെഴുതി വീണ്ടും നടപടി ഏറ്റുവാങ്ങിയത്. പിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പത്തനംതിട്ട എസ്പിയാണ് ഇതിന് പിന്നിലെന്നുമാണ് ഉമേഷ് ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here