പോലീസുകാരെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പട്ടിക; വ്യാജന്മാർ ഒഴിവായത് സൂക്ഷ്മ പരിശോധനയിൽ

കോട്ടയം: യൂത്ത് കോൺഗ്രസ് അംഗത്വ പട്ടികയിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടിക പുതുക്കിയപ്പോഴാണ് പോലീസുകാർ അടക്കം വ്യാജന്മാർ കടന്നുകൂടിയത്. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോഴാണ് ഇവർ ഒഴിവായത്. പോലീസുകാർക്ക് സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെടാൻ കർശന വിലക്ക് ഉണ്ടെന്നിരിക്കെ രണ്ടു ഉദ്യോഗസ്ഥർ പട്ടികയിൽ ഇടം പിടിച്ചത് മാധ്യമ സിൻഡിക്കറ്റ് ആണ് പുറത്തുകൊണ്ടുവന്നത്. കുട്ടിക്കാനത്തെ കെ എ പി അഞ്ചാം ബറ്റാലിയനിൽപ്പെട്ട അലെയ്ഷ്‌ ലാൽ, അടൂരിലെ കെ എ പി മൂന്നാം ബറ്റാലിയനിൽപ്പെട്ട അഭിലാഷ്.കെ.എം എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. സൂക്ഷ്മപരിശോധനക്ക് ശേഷം ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയിൽ ഇവരുടെ പേരില്ല.

പോലീസുകാർ മാത്രമല്ല അരലക്ഷത്തിലേറെ വ്യാജന്‍മാരാണ് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം യൂത്ത് കോൺഗ്രസ് അംഗത്വത്തിൽ നിന്നും പുറത്തായത്. തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ച് സ്വന്തം ഫോണിലൂടെ സ്വയം ചെയ്യണ്ട പ്രക്രിയയിലാണ് ഇത്രയധികം വ്യാജന്മാർ കയറികൂടിയത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ 729626 പേരാണ് അംഗത്വമെടുത്തത്. മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തവരെയാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അംഗത്വ പ്രക്രിയ സുതാര്യവുമാക്കുന്നതിനാണ് സൂക്ഷ്മ പരിശോധന നടത്തിയത്. പരിശോധനയിൽ 59550 പേരെ ഒഴിവാക്കി. 189154 പേരുടെ അംഗത്വം മരവിപ്പിച്ചു. വ്യക്തമായ ഫോട്ടോ നൽകാത്തവർ, അപൂർണമായ മേൽവിലാസം നൽകിയവർ തുടങ്ങി സാങ്കേതിക പ്രശ്നങ്ങളുള്ള രജിസ്ട്രേഷനുകളാണ് മരവിപ്പിച്ചത്. ഇതോടെയാണ് 7.2 ലക്ഷം എന്നത് 4.80 ലക്ഷമായി കുറഞ്ഞത്. ഇവർക്ക് കൃത്യമായുള്ള രേഖകൾ ഹാജരാക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കൃത്യമായ അംഗങ്ങളുടെ പട്ടിക സംഘടന തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാൻ സാധിക്കുമെന്നും അബിൻ പറഞ്ഞു.

ഇത്തവണ പൂർണമായും ഓൺലൈൻ വഴിയായിരുന്നു അംഗത്വ വിതരണം. അംഗത്വം എടുക്കുന്നതിനോടൊപ്പം സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അംഗത്വമെടുക്കാൻ വ്യാജ രേഖകളും ഉപയോഗിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു സുഷ്മ പരിശോധ. വ്യാപകമായി തിരിച്ചറിയാൻ കാർഡ് ശേഖരിച്ച് അംഗത്വം ചേർത്തെന്നും സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു.

തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഓൺലൈൻ വഴിയാണ് സംഘടനയുടെ പട്ടികയിൽ പേര് ചേർക്കേണ്ടത്. കാർഡ് സൈറ്റിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോണിലേക്ക് ഒടിപി ലഭിക്കും. ഇത് നൽകിക്കഴിഞ്ഞാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കും. സംഘടനയിൽ പ്രവർത്തിക്കാൻ സമ്മതമാണെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സാക്ഷ്യപ്പെടുത്തുന്ന വീഡിയോ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ പല ഘട്ടങ്ങളിലായി പ്രക്രിയകൾ പൂർത്തിയാക്കിയവർക്കാണ് അംഗത്വം നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top