പാനൂര്‍ സ്‌ഫോടന കേസില്‍ കാപ്പ ചുമത്താന്‍ ആലോചന; നിരപരാധികളായവരെ പ്രതിയാക്കിയെന്ന സിപിഎം ആരോപണം തളളി പോലീസ്
കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതികളായവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ ആലോന. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. ഉന്നതതലത്തില്‍ നിന്നുള്ള അനുമതി ലഭിച്ചാല്‍ ഇതുമായി മുന്നോട്ട് പോകാനാണ് പോലീസ് നീക്കം. ഡിവൈഎഫ്‌ഐ നേതാക്കളടക്കം നിരപരാധികളെ പോലീസ് പ്രതിയാക്കുന്നുവെന്ന സിപിഎം ആരോപണം നിലനില്‍ക്കെയാണ് കടുത്ത നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്.
ബോംബ് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കിയവരേയും നിര്‍മ്മിക്കാന്‍ പഠിപ്പിച്ചവരേയും കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ബോംബ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം പിടിയിലായിട്ടുണ്ട്. പന്ത്രണ്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു. രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. സിപിഎം – ആര്‍എസ്എസ് അനുഭാവികളുണ്ടെങ്കിലും രാഷ്ട്രീയ സംഘര്‍ഷമല്ല നടക്കുന്നത്. ചില ഉത്സവങ്ങള്‍ വരാനിരിക്കെ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചതെന്നുമാണ് പോലീസ് കണ്ടെത്തല്‍.
ഡിവൈഎഫ്‌ഐ നേതാവ് അമല്‍ ബാബുവിനെതിരെ തെളിവുണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. സ്‌ഫോടനം നടന്ന ഉടന്‍ സ്ഥലത്ത് എത്തി പൊട്ടാത്ത മറ്റ് ബോംബുകള്‍ ഒളിപ്പിച്ചത് അമലാണ്. കൂടാതെ സംഭവസ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ബോംബ് നിര്‍മ്മിച്ചവരുമായി ഫോണില്‍ നിരന്തരം ആശയവിനിമയം നടത്തിയെന്നും പോലീസ് ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അമല്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് സ്ഥലത്ത് എത്തിയതെന്നും നിരപരാധിയെ പോലീസ് പ്രതിയാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്നലെ ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here