മതസ്പര്‍ധക്ക് ശ്രമിച്ചതിന് മനാഫിനെതിരെ കേസ്; അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയെന്ന് പ്രതികരിച്ച് ലോറി ഉടമ
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ലോറി ഉടമ മനാഫിനെതിരെ കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നു, കുടുംബത്തെ വേട്ടയാടുന്നു, അനാവശ്യ പണപ്പിരിവ് നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് അര്‍ജുന്റെ സഹോദരി അഞ്ജു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ചേവായൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷിരൂരില്‍ നടന്ന തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അര്‍ജുന്റെ കുടുംബ പശ്ചാത്തലവും യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചു, കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്തു, കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആര്‍.
അര്‍ജുനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും സ്വന്തം യുട്യൂബ് ചാനലിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷമായ സൈബര്‍ അധിക്ഷേപങ്ങള്‍ ഉണ്ടായത്. രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിച്ചതെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് സംഘപരിവാര്‍ അനുകൂലിയായതുകൊണ്ടാണ് മനാഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.
എന്ത് കേസെടുത്താലും ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം തന്നെ ഉണ്ടാകുമെന്ന് മനാഫ് പ്രതികരിച്ചു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. എന്നാല്‍ കേസ് എടുത്തത് വലിയ മാനസിക സംഘര്‍ഷമുണ്ടാക്കിയെന്നും മനാഫ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here