എൻഎസ്എസിന്റെ നാമജപയാത്ര: കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസ്; വൈസ്പ്രസിഡന്റ് സംഗീത്കുമാര്‍ ഒന്നാംപ്രതി

നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിനെതിരെ എൻഎസ്എസ് നടത്തി നാമജപയാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്.
കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിങ്ങനെയാണ് എഫ്ഐആറില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 149 283 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ കേരളാ പോലീസ് ആക്ടിന്റെ 39, 121, 77ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങില്‍ ജാഥകളോ സമരങ്ങളോ നടത്താന്‍ പാടില്ലെന്നുള്ള നിയമത്തിന് വിപരീതമായി നാമജപയാത്ര നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.
ന്യായവിരുദ്ധമായ ജനക്കൂട്ടമാണെന്നും അതിനാല്‍ പിരിഞ്ഞുപോകണമെന്നും എസ്.ഐ. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ് ലംഘിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. സർക്കാരിന്റെ നിലപാടിൽ വൈരുധ്യമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. കേസ് എടുക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമെന്ന് വ്യക്തമാണ്. സർക്കാരിന്റെ ബാലൻസ് വിട്ടിരിക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി. സർക്കാരിന് വിവാദം കത്തിച്ച് നിർത്താനാണ് താൽപര്യമെന്നും തിരുവഞ്ചൂർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here