ഗവർണറുടെ കേസിലെ എഫ്ഐആർ പുറത്ത്; അതീവ ഗൗരവമായ ഐപിസി 124 അടക്കം ഏഴുവകുപ്പുകൾ; 19കാരി അടക്കം കേസിലാകെ 17 പ്രതികൾ
തിരുവനന്തപുരം: കൊല്ലം നിലമേലിൽ പോലീസിനെ മുൾമുനയിൽ നിർത്തി ഗവർണർ ഇന്നലെ റജിസ്റ്റർ ചെയ്യിച്ച എഫ്ഐആറിൻ്റെ പകർപ്പ് പുറത്തുവന്നു. അതീവ ഗൗരവമായ ഏഴുവകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. പ്രതികളെല്ലാം 23 വയസിൽ താഴെയുള്ളവരാണ് എന്നതും ശ്രദ്ധേയം. ഇന്നലെ രാവിലെ പത്തരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധക്കാർ ചാടിവീണത്. തുടർന്ന് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗവർണർ ഒന്നരമണിക്കൂർ വഴിയരികിൽ കസേരയിട്ടിരുന്ന് പോലീസിനെക്കൊണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്യിച്ച് കോപ്പിയും കൈയ്യിൽ വാങ്ങി പരിശോധിച്ച ശേഷമാണ് മടങ്ങിയത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ തുടങ്ങിയവരെ തടയുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്താൽ പ്രത്യേകമായി ചുമത്തേണ്ട ഗൗരവമുള്ള വകുപ്പാണ് ഐപിസി 124. ഇതാണ് ഇന്നലെ ചടയമംഗലം പോലീസെടുത്ത കേസിൽ പ്രധാന കുറ്റമായി ചേർത്തിട്ടുള്ളത്. മുൻപ് തിരുവനന്തപുരം നഗരത്തിൽ ഗവർണറെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ നിസാരവകുപ്പ് ചുമത്തിയ പോലീസിനെ തിരുത്തി 124 പ്രകാരം കേസെടുപ്പിച്ചിരുന്നു ഗവർണർ ആരിഫ് ഖാൻ. ഈ അനുഭവം മുന്നിലുള്ളത് കൊണ്ടാകണം ഇന്നലെ രംഗം കൂടുതൽ വഷളാക്കാതെ ആദ്യം തന്നെ 124 ചുമത്തി ഗവർണറെ ബോധ്യപ്പെടുത്തിയാണ് പോലീസ് തലയൂരിയത്.
നിയമവിരുദ്ധമായി കൂട്ടംകൂടുക, കയ്യിൽ ആയുധങ്ങൾ കരുതുക, ലഹളയുണ്ടാക്കുക, വഴിതടയുക, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക എന്നിങ്ങനെ പോലീസിന് സ്റ്റേഷൻ ജാമ്യം അനുവദിക്കാനാകാത്ത ഒന്നിലേറെ വകുപ്പുകൾ കേസിലുണ്ട്. ഒന്ന് മുതൽ 12 വരെ പ്രതികളുടെ പേരും വിലാസവും സഹിതം ചേർത്തശേഷം, കണ്ടാലറിയാവുന്നവർ എന്ന് പറഞ്ഞാണ് അഞ്ചുപേരെ ചേർത്തിരിക്കുന്നത്. പേരെടുത്ത് പറഞ്ഞിട്ടുള്ള പ്രതികളെല്ലാം 19 മുതൽ 23 വയസ് വരെ മാത്രം പ്രായമുളളവരാണ്. പ്രതിപ്പട്ടികയിൽ ഒരാൾ പെൺകുട്ടിയുമാണ്.
സ്വമേധയാ കേസെടുക്കുന്നതായാണ് എഫ്ഐആറിൽ ഒന്നാം പേജിൽ പറയുന്നത്. പരാതിക്കാരൻ അല്ലെങ്കിൽ വിവരം നൽകിയയാൾ എന്ന കോളത്തിൽ ചടയമംഗലം സർക്കിൾ ഇൻസ്പെക്ടർ എൻ.സുനീഷിൻ്റെ പേരും ചേർത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here