ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ക്ക് വീഴ്ചയെന്ന് പോലീസ് കണ്ടെത്തല്‍; സത്യം ജയിച്ചെന്ന് അതിജീവിത; ആരോഗ്യ വകുപ്പ് നടപടി എടുക്കണം
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി പോലീസ് കണ്ടെത്തല്‍. അതിജീവിതയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റായ ഡോ. കെവി പ്രീതിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരിക്കുന്നത്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടിപി ജേക്കബ് നടത്തിയ പുനരന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ഡോക്ടര്‍ മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയിരുന്നില്ലെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ട സ്ഥലം ഒഴിച്ചിട്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത് മറ്റൊരു ഡോക്ടര്‍ ഒപ്പമുണ്ടായിരുന്നതായി ഡോ. കെവി പ്രീതി അവകാശപ്പെട്ടിരുന്നു. അത് തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൊഴിയെടുക്കുമ്പോള്‍ മറ്റൊരു ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് അതിജീവിതയും മൊഴി നല്‍കിയിരുന്നു.
അതിജീവിതയുടെ പരാതിയെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഉത്തര മേഖല ഐജി സേതുരാമന്‍ ഉത്തരവിട്ടത്. പീഡന പരാതിയില്‍ തന്റെ മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയില്ലെന്നും വൈദ്യ പരിശോധനയടക്കം നടത്താതെയാണ് ഡോ. പ്രീതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നുമാണ് അതിജീവിതയുടെ പരാതി. മെഡിക്കല്‍ കോളേജിലെ ജീവനക്കാരനെ സംരക്ഷിക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത്. കേസ്ഷീറ്റിലടക്കം വൈദ്യപരിശോധന നടത്തിയ കാര്യം പറഞ്ഞിട്ടില്ലെന്നും അതിജീവിത ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പോലീസിന്റെ കണ്ടെത്തല്‍.
ഇക്കാര്യം ഉന്നയിച്ച് നേരത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അതിജീവിത പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണവും നടന്നു. എന്നാല്‍ ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത നിരവധി തവണ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായിരുന്നില്ല. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ 13 ദിവസത്തെ സമരത്തിന് ശേഷമാണ് അതിജീവിതയ്ക്ക് സ്വന്തം പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ വൈദ്യപരിശോധന നടത്തിയതായും പൂര്‍ണ്ണമായും മൊഴി രേഖപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയതായി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ടത്.
സത്യം തെളിഞ്ഞതായി അതിജീവിത പ്രതികരിച്ചു. ഡോക്ടര്‍ ശ്രമിച്ചത് പീഡിപ്പിച്ചയാളെ രക്ഷിക്കാനാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ഇരയ്ക്കൊപ്പം നില്‍ക്കേണ്ട ഒരു വനിതാ ഡോക്ടറാണ് ഈ സമീപനമെടുത്തത്. ഇതിന് നിയമപരമായ ശിക്ഷ ലഭിക്കണം. ഗുരുതരമായ കണ്ടെത്തലില്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. ഇക്കാര്യം ഉന്നയിച്ച് മന്ത്രി വീണ ജോര്‍ജിനെ സമീപിക്കുമെന്നും അതിജീവിത വ്യക്തമാക്കി.
2023 മാര്‍ച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ കിടക്കുമ്പോഴാണ് യുവതി പീഡനത്തിന് ഇരായത്. അനസ്‌തേഷ്യയുടെ മയക്കത്തില്‍ ആശുപത്രി ജീവനക്കാരനായിരുന്നു യുവതിയെ പീഡിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here