‘മഞ്ഞുമ്മൽ ചതി’ ആസൂത്രിതം എന്നുറപ്പിച്ച് പോലീസ്; കടംവീട്ടാതെ സൗബിൻ 3.5 കോടി FD ഇട്ടു; കോടതി മരവിപ്പിച്ചതിന് പകരം അക്കൗണ്ട് തുടങ്ങി; റിപ്പോർട്ട് മാധ്യമ സിൻഡിക്കറ്റിന്
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ അപ്രതീക്ഷിത വിജയം ഞെട്ടിച്ചത് പോലെ തന്നെയായി അതിന് പിന്നിലെ സാമ്പത്തിക തിരിമറിയുടെ കഥകളും. നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്കെതിരെ പുറത്തുവന്ന പരാതിക്ക് പിന്നാലെ കോടതി ഇടപെടലും പോലീസ് അന്വേഷണവും ഏറ്റവുമൊടുവിൽ എൻഫോഴ്സ്മെൻ്റ് അന്വേഷണവും വരെയെത്തി നിൽക്കുകയാണ്. മലയാള സിനിമക്കാകെ അഭിമാനിക്കാവുന്ന വിജയം എന്ന് പറഞ്ഞിടത്ത് നിന്ന്, സിനിമക്കാകെ തലവേദനയാകുന്ന തരത്തിലാണ് ഇടപാടുകൾ എത്തിനിൽക്കുന്നത്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ ഈ നിലയെത്തിയ സാഹചര്യത്തിൽ ഇനിയത് എളുപ്പമാകില്ല.
40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയത്തറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിൻ്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തുടങ്ങിയ പോലീസ് അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയുമാണ്. ഇങ്ങനെയെല്ലാം ചില വിവരങ്ങൾ പുറത്തുവന്നെങ്കിലും പോലീസ് റിപ്പോർട്ടിലെ വിവരങ്ങൾ കൂടുതൽ ഗൗരവമുള്ളതാണ്.
സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെ കബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നത് പറവ ഫിലിംസിൻ്റെ പേരിൽ എറണാകുളം കടവന്ത്രയിലെ ആക്സിസ് ബാങ്കിൻ്റെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ തന്നെ പേരിൽ തേവര എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.
മാത്രവുമല്ല ഇങ്ങനെ സിനിമയുടെ വരുമാനമായി വന്ന തുകയിൽ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കിൽ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റിയത് കണ്ടെത്തി. “അപ്രകാരം കിട്ടിയ തുകയിൽ നിന്നും മൂന്നരകോടി രൂപ FD ആക്കി മാറ്റിയിട്ട് പോലും പ്രതികൾ ആവലാതിക്കാരൻ്റെ പക്കൽ നിന്ന് വാങ്ങിയ പണത്തിൻ്റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതിൽ നിന്നും പ്രതികൾക്ക് ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുന്നാലെ പദ്ധതിയുണ്ടായിരുന്നതായി വെളിവാകുന്നതാണ്.” മരട് എസ്എച്ച്ഒ ജി.പി.സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ.
സൗബിൻ ഷാഹിറിനെ കൂടാതെ പിതാവ് ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരാണ് പറവ ഫിലിംസിന് വേണ്ടി ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമക്കാകെ 18.65 കോടി മാത്രം ചിലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി ഇവർ ശേഖരിച്ചിരുന്നു. പത്തുകോടി അങ്ങനെ തന്നെ പ്രതികൾ കൈക്കലാക്കി. ഇതിൽ ഏഴുകോടി പരാതിക്കാരനായ സിറാജ് നേരിട്ട് നൽകിയത് കൂടാതെ, സാമ്പത്തിക പ്രതിസന്ധി കാരണം സിനിമ മുടങ്ങുമെന്ന് പറഞ്ഞ ഘട്ടത്തിൽ 11 കോടി രൂപ കൂടി മറ്റൊരു കമ്പനിയിൽ നിന്ന് കടമെടുക്കാൻ ഏർപ്പാട് ചെയ്തുകൊടുത്തു.
പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: “ആയതിൽ നിന്നും ഏഴുകോടി രൂപ പ്രത്യക്ഷമായും പതിനൊന്ന് കോടി പരോക്ഷമായും നൽകി സിനിമയുടെ നിർമ്മാണത്തിനും റിലീസിനും സഹായിച്ച ആവലാതിക്കാരനെ പടം റിലീസായി വൻതുക ലാഭമുണ്ടാക്കുകയും, ആവലാതിക്കാരൻ ഒഴികെ മറ്റുള്ളവരുടെ പണവും പലിശയും തിരികെ നൽകുകയും ചെയ്തിട്ടും ആവലാതിക്കാരൻ്റെ മുടക്കുമുതൽ പോലും തിരികെ നൽകാതിരുന്നത് സിനിമയുടെ നിർമ്മാണത്തിനും റിലീസിനും പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച ആവലാതിക്കാരനെ ചതി ചെയ്യുന്നതിന് വേണ്ടിയാണെന്ന് വെളിവാകുന്നതാണ്.”
“മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ വിതരണം ഏറ്റെടുത്തിരുന്ന ബിഗ് ഡ്രീം ഫിലിംസ് എന്ന സ്ഥാപനത്തിൻ്റെ മാത്രം സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചതിൽ ആകെ 45,30,25,193 (നാൽപ്പത്തി അഞ്ച് കോടി മുപ്പത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി മൂന്ന്) രൂപ കളക്ഷൻ കിട്ടിയിരിക്കുന്നതായും, ആയതിൽ 10,00,00,000 (പത്ത് കോടി) രൂപ പറവ ഫിലിംസിന് Over Flow Amount ആയി കൊടുത്തിരിക്കുന്നതായും, 12,00,00,000 (പന്ത്രണ്ട് കോടി) രൂപ പറവ ഫിലിംസിന് കൊടുക്കാനുള്ളതായും കാണുന്നു. Musical rights, OTT, satellite, Overseas rights, Theatrical right, Dubbing etc എന്നിവ ഉൾപ്പടെ 95,00,00,000/- (തൊണ്ണൂറ്റിയാറ്) കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും കാണുന്നു.”
ക്യാൻസർ ചികിൽസക്ക് വിധേയനായി കഴിഞ്ഞുവരുന്ന ആവലാതിക്കാരന് മുടക്കുമുതൽ ഉൾപ്പടെ 47 കോടി രൂപയിലധികം രൂപ തിരികെ കിട്ടാനുണ്ടായിട്ടും ആയത് ലഭിക്കാത്തതിനെ തുടർന്ന് ശരിയായ ചികിൽസ നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ്. കേസിൻ്റെ ശരിയായ അന്വേഷണത്തിന് പ്രതികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പോലീസ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here