കുസാറ്റിൽ അടിമുടി വീഴ്ച; ദുരന്തം സംബന്ധിച്ച ഇൻ്റലിജൻസ് റിപ്പോർട്ട് എഡിജിപിക്ക് കൈമാറി

കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് പോലീസ് റിപ്പോർട്ട്. രഹസ്യാനേഷണ വിഭാഗം എഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് വിഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടക സമിതിക്ക് വീഴ്ച പറ്റിയെന്ന് കുസാറ്റ് വിസി ഡോ. പി.ജി.ശങ്കരൻ സമ്മതിച്ചതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

മതിയായ സുരക്ഷാ നടപടികൾ ടെക് ഫെസ്റ്റിൻ്റെ സമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം. കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും സംഘാടകർക്ക് വീഴ്ച പറ്റി. സംഘാടന സമിതിയിൽ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നുവെങ്കിലും അധ്യാപകരുടെ സാന്നിധ്യം എത്രമാത്രം ഉണ്ടായിരുന്നുവെന്ന് പരിശോധിക്കണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗാനമേള നടന്ന ഓഡിറ്റോറിയത്തിൽ രണ്ട് ഗേറ്റുകളാണ് ഉണ്ടായിരുന്നത്. എന്നിട്ടും ഒരു ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഇതിനിടെയാണ് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടാവുകയും ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിപാടിയുടെ സമയത്ത് വിദ്യാര്‍ത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്നും സംഘാടക സമിതിയിലുള്ള അധ്യാപകരടക്കം സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വിസി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പരിപാടി ആരംഭിക്കാൻ വൈകിയതിനെ തുടർന്ന് കുട്ടികളെ കയറ്റുന്നതിനും താമസമുണ്ടായി. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന അറിയിപ്പ് വന്നതോടെ വിദ്യാർത്ഥികൾക്കൊപ്പം പുറത്തുനിന്നുള്ളവരും ഓഡിറ്റോറിയത്തിലേക്ക് ഇടിച്ചുകയറി. ഇതോടെ ഓഡിറ്റോറിയതിൽ തിക്കും തിരക്കുമായി. ഓഡിറ്റോറിയത്തിൻ്റെ പടിയിൽ നിന്നവർ തള്ളിക്കയറ്റം ആരംഭിച്ചതോടെ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള പടികൾ കുത്തനെയുള്ളതാണ്. വീതി കുറഞ്ഞ ഈ സ്റ്റെപ്പില്‍നിന്ന വിദ്യാര്‍ത്ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നു എന്നായിരുന്നു വിസിയുടെ വിശദീകരണം.

ടെക് ഫെസ്റ്റിൻ്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്. രണ്ടാംവർഷ സിവിൽ വിദ്യാർത്ഥി അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി ആൻ റിഫ്ത്ത, രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിദ്യാർത്ഥിനി സാറ, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരണപ്പെട്ടത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top