“സാറെ നിങ്ങളും സീറ്റ് ബെൽറ്റ് ഇട്ടിട്ട് പോയാൽ മതി”; പോലീസിൻ്റെ നിയമ ലംഘനം ചോദ്യം ചെയ്തവർക്കെതിരെ പ്രതികാര നടപടി
കണ്ണൂർ: പോലീസിൻ്റെ നിയമ ലംഘനം ചോദ്യം ചെയ്ത യുവാവിനും നാട്ടുകാർക്കുമെതിരെ പോലിസിൻ്റെ പ്രതികാര നടപടി. ചൊക്ലി കടവത്തൂർ മുക്കിൽ പീടികയിലാണ് സംഭവം.ചൊക്ലി സ്വദേശി സൂരജിനും ( സനൂപ് ) കണ്ടാലറിയുന്ന നാല് പേർക്കുമെതിരെയാണ് കേസ്. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കെപി ആക്ട് സെക്ഷൻ 117 (ഇ), ഐപിസി 143,147, 149,283 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വീഡിയോ കാണാം..
ബൈക്കിൻ്റെ പിന്നിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് സൂരജിന് (സനൂപ് ) ചൊക്ലി പ്രിൻസിപ്പൾ എസ്ഐ രൻജു പിഴ ചുമത്തിയിരുന്നു. ഇതിന് ശേഷം പോലീസ് വാഹനത്തിൽ സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്യാൻ തുടങ്ങിയ എസ്ഐയോട് സനൂപ് സീറ്റ് ബെൽറ്റ് ഇട്ടിട്ട് യാത്ര ചെയ്യാൻ പറയുകയായിരുന്നു. അതിന് തയ്യാറാവാതിരുന്ന എസ്ഐയും സംഘവും സനൂപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് നാട്ടുകാർ സനൂപിന് പിന്തുണയുമായി വരികയുമായിരുന്നു. ഇതിൻ്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞതിനെ തുടർന്ന് വണ്ടി തടഞ്ഞുവെന്ന ആരോപണം സനൂപിനെതിരെ ഉയർത്തുന്നതും വീഡിയോയിൽ കാണാം. സനൂപിന് പെറ്റിയടിച്ചത് കൊണ്ടുള്ള വൈരാഗ്യം കൊണ്ട് പൊലീസ് വാഹനം തടഞ്ഞു എന്നാണ് എസ്ഐയുടെ ആരോപണം. താൻ വണ്ടി തടഞ്ഞിട്ടില്ലല്ലോ. സീറ്റ് ബെൽറ്റ് ഇടാനാണ് പറഞ്ഞതെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണ് എന്നും യുവാവ് എസ്ഐയോട് പറഞ്ഞു. അതിന് എന്ത് വേണം, നിനക്ക് ചോദിക്കാൻ നിനക്ക് എന്ത് അധികാരം എന്ന് ചോദിച്ചുകൊണ്ട് എസ്ഐ രൻജു വീണ്ടും വാഹനം തടയൽ ആരോപണം ഉയർത്തി. തൻ്റെ നിലപാടിൽ ഉറച്ച് നിന്നതോടെ സനൂപിൻ്റെ അഡ്രസ് വാങ്ങാനും എഫ്ഐആർ ഇടാനും എസ്ഐ നിർദേശിച്ചു.
ഇതോടെ സംഭവസ്ഥലത്ത് ആളുകൂടി. എന്തിനാണ് അഡ്രസ് വാങ്ങുന്നത് എന്നും താൻ വണ്ടി തടഞ്ഞിട്ടില്ല എന്ന് സനൂപ് എസ്ഐയോട് ആവർത്തിച്ചു. അങ്ങനെ ഞങ്ങൾ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് മലക്കം മറിയുന്ന എഎസ്ഐയേയും വീഡിയോയില്‍ കാണാം. സനൂപിനെതിരെ കേസടുക്കാതെ പോകില്ല എന്ന് പിടിവാശി തുടർന്നതോടെ നാട്ടുകാരിൽ ചിലർ സംഭവത്തിൽ ഇടപെട്ടു. ഞങ്ങൾ കുറച്ച് നേരമായി ഇത് കണ്ട് കൊണ്ടിരിക്കുന്നുവെന്നും എന്തിനാ ഇതിൻ്റെ പേരിൽ കേസാക്കുന്നത് എന്നും അവർ ചോദിച്ചു. സനൂപിന് അനുകൂലമായെത്തിയ നാട്ടുകാരോടും എസ്ഐ അഡ്രസ് ചോദിക്കുന്നതും തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
തുടർന്ന് എസ്.ഐ രൻജുവിൻ്റെ വാഹനം കൈ നീട്ടി നിർത്തി പോലീസിനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് സംഭവത്തിൽ സനൂപ് അടക്കം കണ്ടാലറിയാവുന്ന അഞ്ച് പേർ പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു . “വാഹന പരിശോധനക്കിടെ ബൈക്കിൻ്റ പിറകിൽ ഹെൽമറ്റിലാതെ യാത്ര ചെയ്യുകയായിരുന്ന സനൂപിന് പിഴ ചുമത്തിയിരുന്നു.ഇതിൻ്റെ വൈരാഗ്യത്തിൽ വാഹന പരിശോധന കഴിഞ്ഞ് പോകുകയായിരുന്ന പോലീസ് പട്രോളിംഗ് വാഹനം കൈനീട്ടി നിറുത്തി എസ്ഐയോട് സീറ്റ് ബെൽറ്റിടാനും മറ്റും പറഞ്ഞ് സനൂപും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. ഏറെ നേരം വാക്കു തർക്കം നടന്നതോടെ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു”- എന്നാണ് സംഭവത്തെപ്പറ്റിയുള്ള പോലീസ് ഭാഷ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here