അപ്രത്യക്ഷമായി റിവ്യൂകൾ; റിവ്യൂ ബോംബിംഗിൽ സൈബർ വിദഗ്ധരുടെ സഹായം തേടി പോലീസ്; സിനിമ പ്രമോഷന് പ്രോട്ടോക്കോൾ വേണമെന്ന് നിർമാതാക്കൾ

കൊച്ചി: സിനിമയുടെ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന ആവശ്യവുമായി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ആദ്യ ദിനത്തിൽ തന്നെ സിനിമയെ ബാധിക്കുന്ന തരത്തിലുള്ള റിവ്യൂ ബോംബിംഗിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.

സിനിമ പിആർഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും അടക്കം ഇതിനായി ഒക്ടോബര്‍ 31ന് യോഗം ചേരും. റിവ്യൂ എന്ന പേരിൽ തിയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ല. അത്തരം പ്രവർത്തനങ്ങളെ മാധ്യമപ്രവർത്തനമായി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

എന്നാൽ സിനിമ റിവ്യു നടത്തി നശിപ്പിക്കാന്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിലിം ചേംബറും പ്രതികരിച്ചു. ഇത് അനുവദിക്കാന്‍ കഴിയില്ല. പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാമെന്ന് ഫിലം ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.

അതേ സമയം; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ റിവ്യൂ ബോംബിംഗ് കേസിൽ പോലീസ് സൈബർ വിദഗ്ധരുടെ സഹായം തേടി. ‘റാഹേൽ മകൻ കോര’ എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിംഗ് കേസിൽ ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ് നടപടി. പോലീസ് കേസെടുത്തതോടെ നെഗറ്റീവ് റിവ്യൂകൾ പലതും സോഷ്യൽ മീഡിയകളിൽ നിന്നും വീഡിയോ സ്ട്രീറ്റിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതോടെ സൈബർ വിദഗ്ധരുടെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.

അഞ്ച് യൂട്യൂബ് ചാനലുകൾക്കും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കു മടക്കം 9 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കും യൂട്യൂബുമാണ് എട്ടും ഒമ്പതും പ്രതികൾ. അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാകും പ്രതികളെ ചോദ്യം ചെയ്യുക. ഇതിനായി ഫേസ്ബുക്ക് വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. സിനിമയെ തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി നെഗറ്റീവ് റിവ്യൂ കൊടുത്തതിന്റെ പേരിലാണ് സോഷ്യൽ മീഡിയ ചാനലുകൾക്കും പേജുകൾക്കുമെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top