ഹാജരായി മുകേഷ്; ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
നടി നല്‍കിയ ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിലാണ് ചോദ്യം ചെയ്യല്‍. അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് നടിയുടെ പരാതി.
മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മരടിലെ വില്ലയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കൂടാതെ വടക്കാഞ്ചേരി പോലീസും മുകേഷിനെതിരെ കേസെടുത്തിരുന്നു.
അഭിഭാഷകനൊപ്പമാണ് മുകേഷ് ചോദ്യം ചെയ്യലിന് എത്തിയത്. 2009ല്‍ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here