പോലീസ് സ്റ്റേഷനുകള്‍ വിശ്രമമുറിയായി ഉപയോഗിക്കരുത്; പോലീസുകാര്‍ തൊപ്പിയും യൂണിഫോമും സ്റ്റേഷനില്‍ സൂക്ഷിക്കരുത്; ഡി ഐ ജിയുടെ ഉത്തരവില്‍ വിവാദം

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കാൻ കർശന ഉത്തരവുമായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ടവിമലാദിത്യ. പോലീസുകാർ തൊപ്പിയും യൂണിഫോമും ഇനി മുതൽ സ്റ്റേഷനിൽ സൂക്ഷിക്കാൻ പാടില്ല. വിശ്രമമുറികളുടെ എണ്ണവും വെട്ടികുറയ്ക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഡി ഐ ജി യുടെ ഈ ഉത്തരവിനെതിരെ സേനയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
പോലീസുകാർ വിശ്രമമുറികൾ കയ്യേറി തൊപ്പിയും യൂണിഫോമുമെല്ലാം അലക്കുകേന്ദ്രങ്ങളിലേതുപോലെ കൂട്ടിയിടുന്നു. അടിവസ്ത്രങ്ങൾ അടക്കം സ്റ്റേഷനിൽ കഴുകിയിടുന്നു. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളും കുത്തഴിഞ്ഞു കിടക്കുകയാണ്. വിശ്രമമുറിയെന്ന പേരിൽ കണ്ണിൽ കാണുന്ന മുറികളെല്ലാം അലക്കുകേന്ദ്രങ്ങളും സ്റ്റോറൂമുകളും ആക്കി ഉപയോഗിക്കുന്നു. ഇതവസാനിപ്പിക്കാനാണ് വിലക്കുകൾ പ്രഖ്യാപിച്ചത്.
വീട്ടിൽ നിന്ന് ഡ്യൂട്ടിക്ക് വരുമ്പോൾ തന്നെ യൂണിഫോം ധരിച്ച് വരണം. ബുദ്ധിമുട്ടുള്ളവർ യൂണിഫോം പൊതിഞ്ഞു കൈയിൽ കൊണ്ടുവരണം. പോകുമ്പോൾ അതുപോലെ കൊണ്ട് പോകണം. ഡ്യൂട്ടിയിൽ ഉള്ളവർ മുഴുവൻ സമയവും യൂണിഫോം ധരിക്കണം.വനിതാ പോലീസുകാർക്കും പുരുഷന്മാർക്കും സ്റ്റേഷനിൽ ഓരോ മുറി വീതമേ വിശ്രമമുറിയായി കാണൂ. ഈ ഉത്തരവുകൾ എല്ലാം ഈയാഴ്ച തന്നെ നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ജോലിയുടെ സ്വഭാവം മനസിലാക്കാതെയുള്ള അപ്രായോഗിക നിർദേശമാണെന്നും, ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ യൂണിഫോം ധരിച്ചെത്തുന്നത് ബുദ്ധിമുട്ടാണെന്നുമാണ് സേനയുടെ താഴെത്തട്ടിൽ ഉയരുന്ന വിമർശനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here