35 വർഷംമുമ്പ് ആൻ്റണി രാജു തെളിച്ചവഴിയേ പുതിയ ലഹരിക്കടത്തുകാരും; പോലീസിനെ സ്വാധീനിച്ച് ജാമ്യമെടുത്ത് മാലിക്കാർ; പിറ്റേന്ന് രാജ്യംവിട്ടു

1989ലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിയുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. പിൽക്കാലത്ത് മന്ത്രിയായ ആൻ്റണി രാജുവും, അന്നത്തെ സീനിയർ അഭിഭാഷക സെലിൻ വിൽഫ്രഡും ചേർന്ന് പ്രതിയുടെ വക്കാലത്ത് എടുത്ത് കേസ് നടത്തിയെങ്കിലും ശിക്ഷിക്കപ്പെട്ടു. എന്നാൽ തൊട്ടുപിന്നാലെ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയ പ്രതി കുറ്റവിമുക്തനായി, പിറ്റേന്ന് തന്നെ രാജ്യംവിട്ടു. പിന്നീടാണ് തിരിച്ചറിഞ്ഞത്, പ്രതിയുടെ വക്കീലും കോടതി ജീവനക്കാരനും ചേർന്ന് തൊണ്ടിവസ്തുവായ അണ്ടർ വെയറിൽ നടത്തിയ കൃത്രിമമാണ് പ്രതിക്ക് രക്ഷപെടാൻ പഴുതായതെന്ന്.
ഏറെക്കുറെ ഈ മട്ടിലാണ് ഇപ്പോഴും ലഹരിക്കേസുകൾ അട്ടിമറിക്കപ്പെടുന്നത്. ഏഴുവർഷം മുമ്പ് തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് മാലിക്കാരായ മൂന്നുപേരെ കോടികളുടെ ഹാഷിഷ് ഓയിലുമായി പിടിച്ചത് വൻ വാർത്തയായിരുന്നു. എന്നാൽ കേസിൻ്റെ കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസ് ഗുരുതരമായ വീഴ്ച്ച വരുത്തിയതോടെ വിചാരണ അട്ടിമറിക്കപ്പെട്ടു. പ്രതികൾ ജാമ്യത്തിലിറങ്ങി നാടുവിട്ടു. ആൻ്റണി രാജുവിൻ്റെ കേസിൻ്റെ മാതൃകയിൽ പ്രതികൾ രാജ്യംവിട്ട ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് പുറത്തറിയുന്നത്. രക്ഷപെട്ടുപോയ പ്രതികളെ തിരിച്ചെത്തിക്കാൻ ഒരുവഴിയുമില്ല എന്ന വസ്തുതയാണ് ഈ കേസിൻ്റെയെല്ലാം ഭാവി നിർണയിക്കുന്നത്.
2018 ജൂണ്‍ നാലിനാണ് 16.530 കിലോ ഹാഷിഷ് ഓയിലുമായി മൂന്നു മാലിക്കാരെ തിരുവനന്തപുരം കൻോൺമെൻ്റ് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. രാജ്യന്തര ലഹരിമാഫിയയിൽപ്പെട്ട മാലിക്കാരായ ഐമാൻ അഹമ്മദ്, ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവരാണ് അന്ന് പിടിയിലായത്. സംസ്ഥാനത്തെ ലഹരിവേട്ടയിലെ അഭിമാനനേട്ടമായി കൊട്ടിഘോഷിച്ച ഈ നേട്ടം പോലീസിലെ ചിലരുടെ ഒറ്റുകൊടുക്കൽ മൂലം അട്ടിമറിക്കപ്പെടുകയായിരുന്നു.
നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (Narcotic Drugs and Psychotropic Substances Act, 1985) പ്രകാരം പ്രതികളുടെ അറസ്റ്റ് നടത്തിയൽ 180 ദിവസത്തിനകം കുറ്റപത്രം നൽകണമെന്നാണ് വ്യവസ്ഥ. സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനായില്ലെങ്കിൽ പ്രോസിക്യൂട്ടർ മുഖേന കോടതിയിൽ നിന്നും സമയം നീട്ടിവാങ്ങണമെന്നാണ് ചട്ടം. ഇവിടെ പോലീസ് കുറ്റപത്രം നൽകിയത് 179മത്തെ ദിവസം. അത് സ്വീകരിച്ചതാകട്ടെ, കോടതിയിലെ ക്ലർക്കും. കുറ്റപത്രം ജഡ്ജിയുടെ മുന്നിൽ എത്തിയില്ല. കുറ്റപത്രം കോടതി സ്വീകരിച്ചുവോയെന്ന കാര്യം പോലും പൊലിസ് ഉറപ്പുവരുത്തിയില്ല. തിരക്കഥ പ്രകാരം 181മത്തെ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ എത്തുന്നു, ജാമ്യം കിട്ടുന്നു.
ഈ ഘട്ടത്തിലാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാത്ത കാര്യം പ്രോസിക്യൂട്ടർ അറിയുന്നത്. പ്രഗത്ഭരായ അഭിഭാഷകർ പ്രതികള്‍ക്കായി എത്തിയിരുന്നു. ഓരോ പ്രതികള്‍ക്കും 10 ലക്ഷം രൂപയുടെ വീതം ബോണ്ടിന്മേൽ കോടതി ജാമ്യം അനുവദിച്ചു. അന്നു തന്നെ പ്രതികള്‍ പുറത്തിറങ്ങി. അഭിഭാഷകരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ബോണ്ട് വച്ചത്. പ്രതികള്‍ വൻതുക ഒഴുക്കി ഞൊടിയിടയിൽ ജാമ്യവ്യവസ്ഥക്കായി ആളുകളെത്തിയതും, പ്രതികള്‍ രാജ്യം വിട്ടതുമെല്ലാം ആസൂത്രിതം. അട്ടിമറിക്ക് പിന്നിലെ കരങ്ങളെ കണ്ടെത്താൻ പോലീസും വിജിലൻസും മാറിമാറി അന്വേഷിച്ചു. ഒന്നും സംഭവിച്ചില്ല. അട്ടിമറിക്കാർ ഇപ്പോഴും കാണാമറയത്ത്.
ലഹരികടത്തുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുവെന്ന് സർക്കാരും പോലീസും വായ്ത്താരി തുടരുമ്പോഴും വൻസ്രാവുകൾ വല പൊട്ടിച്ച് ചാടുന്നത് പതിവാണ്. പരൽ മീനുകളെ പിടിക്കുമ്പോൾ കൊട്ടിഘോഷിക്കുകയും, വൻമീനുകൾ വല പൊട്ടിച്ചു പോകുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മുൻകാലത്തേത് പോലെ തന്നെ ഇപ്പോഴും നിർബാധം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here