പോലീസിനോട് പരിഭവമുണ്ട്; ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ


തിരുവനന്തപുരം: ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന പൂർണ്ണ വിശ്വാസത്തിലാണ് പോലീസ് സ്റ്റേഷനിൽ എത്തിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജതിരിച്ചറിയൽ കാര്‍ഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരായപ്പോഴാണ് രാഹുലിൻ്റെ പ്രതികരണം. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ഇന്ന് ഹാജരായത്. കേസിൽ സാക്ഷിയായതിനാലാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

തന്നെ കേസിൽ പ്രതിയാക്കുകയാണെങ്കിൽ കോടതികളുണ്ട്. കോടതികളിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളത് കൊണ്ടാണ് ഈ നാട്ടിലെ പൗരനായി തുടരുന്നതെന്നും രാഹുൽ പറഞ്ഞു. കേസിൽ തനിക്ക് തുറന്ന മനസാണ്. ഒന്നും ഒളിച്ചുകളിക്കാനില്ല. പോലീസിൻ്റെ ഏത് ചോദ്യത്തിനും മറുപടി നൽകാൻ തയ്യാറാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.

ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോയെന്ന് തൻ്റെ അഭിഭാഷകൻ മുഖേന ചോദിച്ചപ്പോൾ അങ്ങനെയൊരു നീക്കമില്ലെന്നാണ് പോലീസ് ആദ്യം അറിയിച്ചത്. പിന്നീട് മാധ്യമങ്ങളോട് തന്നെ വിളിപ്പിക്കുമെന്ന് വിവരം നൽകി. അതിൽ പോലീസിനോട് പരിഭവമുണ്ട്. മുമ്പ് ഏറ്റെടുത്ത പരിപാടികൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാവാതിരിക്കാമായിരുന്നു. എന്നാൽ അന്വേഷണത്തോട് സഹകരിക്കുക എന്ന നിലപാടിന്റെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. അതുകൊണ്ടാണ് വളരെ കുറഞ്ഞ സമയത്തിൽ നോട്ടീസ് നൽകിയിട്ടും ഹാജരാകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേസിൽ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ ഫെ​നി നൈ​നാ​ൻ, ബി​നി​ൽ ബി​നു, അ​ഭി​ന​ന്ദ്​ വി​ക്രം, വി​കാ​സ്​ കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ മൊഴികളുടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ രാഹുലിനെ ചോദ്യം ചെയ്യുന്നത്. നാ​ലു​പേ​രും രാഹു​ലിൻ്റെ വിശ്വസ്തരും നാട്ടുകാരുമാണ്. കേ​സി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി പോലീസ് പ്ര​തി ചേർത്തി​ട്ടു​ണ്ട്. യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​സ​ർ​ഗോഡ്​ ഏ​ളേ​രി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ജെ​യ്‌​സ​ൺ തോ​മ​സ്, പ​ത്ത​നം​തി​ട്ട ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ര​ഞ്ജു എ​ന്നി​വ​രെ​യാ​ണ് പുതുതായി പ്രതി ചേർത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top