ശൈലജയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ പ്രവാസിക്കെതിരെ കേസ്; പോലീസ് നടപടി ഇടത് സ്ഥാനാര്‍ത്ഥി പരാതി നല്‍കി പത്ത് ദിവസം കഴിഞ്ഞ്

കോഴിക്കോട് : വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്‌ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല പോസ്റ്റ് പങ്കുവച്ച പ്രവാസിക്കെതിരെ കേസ്. പരാതി ലഭിച്ച് പത്ത് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ കെഎം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസ് എടുത്തത്. സ്ഥാനാര്‍ത്ഥിയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, കലാപാഹ്വാനം നടത്തി തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. അശ്ലീല പ്രചരണത്തിനെതിരെ ശൈലജ വാര്‍ത്താസമ്മേളനം വിളിച്ച് വൈകാരികമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. പോലീസ് നടപടി വൈകിയതില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷമടക്കം ഉയര്‍ത്തിയത്.

അപകീര്‍ത്തികരമായ പ്രചരണത്തിന്റെ പേരില്‍ നേരത്തെ ലീഗ് പ്രവര്‍ത്തകനെതിരേയും പോലീസ് കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തില്‍ ശൈലജയുടെ പേരില്‍ ഇയാള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ സോഷ്യല്‍മീഡിയ വഴിയുള്ള അധിക്ഷേപങ്ങളില്‍ വിവാദം കൊഴുക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് ഈ വ്യാജ പ്രചരണങ്ങള്‍ എന്നാണ് ഇടത് മുന്നണി ആരോപിക്കുന്നത്. എന്നാല്‍ ഇതെല്ലാം തളളുകയാണ് യുഡിഎഫ് ചെയ്യുന്നത്. പാനൂരിലെ ബോംബ് പൊട്ടാത്തതു കൊണ്ട് നുണ ബോംബുമായി സിപിഎം രംഗത്തിറങ്ങുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top