കള്ളിൽ കുടുങ്ങി ബോബി ചെമ്മണ്ണൂർ, പരസ്യത്തിൻ്റെ പേരിൽ പോലീസ് കേസെടുത്തു, നടപടി മാധ്യമ സിന്‍ഡിക്കറ്റ് വാര്‍ത്തയെ തുടര്‍ന്ന്

കോഴിക്കോട്: കൊച്ചി വൈപ്പിനിൽ ബോബി ചെമ്മണ്ണൂർ തുടങ്ങിയ സ്റ്റാർ കള്ളുഷാപ്പിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പരസ്യംചെയ്ത് ലഹരിക്ക് പ്രചാരണം നൽകാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. പരാതി ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഒത്തുകളി മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോർട്ട് ചെയ്തതോടെയാണ് പോലീസ് നടപടി വന്നത്. സമൂഹമാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ സ്വന്തം കള്ളുഷാപ്പിന്റെയും കള്ളിന്റെയും പരസ്യം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ഈ മാസം ആറിനാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥനായ സി.ഡി.ശ്രീനിവാസന്‍ പരാതി നല്‍കിയത്. ഉടനടി കേസെടുക്കാമായിരുന്നിട്ടും നിയമോപദേശത്തിന് വിട്ടെന്ന ന്യായം പറഞ്ഞ് പോലീസ് നടപടി വൈകിക്കുകയായിരുന്നു.

മറഡോണ ഹട്ട് എന്ന പേരിൽ കൊച്ചി വൈപ്പിനിൽ ബോബി ചെമ്മണ്ണൂര്‍ അടുത്തയിടെ തുറന്ന സ്റ്റാർ കള്ളുഷാപ്പിന്റെ പരസ്യവീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മദ്യ ഉപഭോഗം പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പരസ്യം ചെയ്യുക, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും ലഹ

രിവസ്തു പ്രദർശിപ്പിക്കുക എന്നീ കുറ്റങ്ങൾ ചെയ്തു എന്നാണ് എഫ്ഐആറിലുള്ളത്. അബ്കാരി ആക്റ്റിലെ 55 (h), 55 (i) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചെത്തുകാരന്റെ വേഷത്തില്‍ സൈക്കിളില്‍ കള്ളുഷാപ്പില്‍ എത്തി കള്ള് ഒഴിച്ച് കൊടുക്കുകയും കള്ളിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നത് ബോബി ചെമ്മണ്ണൂര്‍ തന്നെയാണ്.

മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും ഔഷധഗുണമുള്ളത് കള്ളിനാണ് എന്നെല്ലാം വിശദീകരിച്ച് മഹത്വവൽക്കരിച്ച് ബോബി തന്നെയാണ് പരസ്യത്തിൽ അഭിനയിക്കുന്നത്. മൂന്നുമാസത്തിലേറെയായി ഇത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയായിരുന്നു. സ്വമേധയാ കേസെടുക്കാൻ അധികാരമുള്ള പോലീസും എക്സൈസും തിരിഞ്ഞുനോക്കിയില്ല. പരാതി കിട്ടിയപ്പോഴാകട്ടെ നിയമോപദേശം തേടാനെന്ന പേരിൽ നടപടി വൈകിപ്പിച്ചു. ഒരാഴ്ചക്ക് ശേഷവും നടപടി ഉണ്ടായില്ല. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയെ മാധ്യമ സിന്‍ഡിക്കറ്റ് ബന്ധപ്പെട്ടപ്പോൾ ഒന്നുമറിയില്ല എന്നായിരുന്നു പ്രതികരണം. വാർത്ത ശ്രദ്ധയിൽപെട്ട പോലീസ് ഉന്നതർ വിഷയത്തിൽ ഇടപെട്ട് കമ്മിഷണർക്ക് നിർദേശം നൽകിയതോടെയാണ് കേസെടുക്കാൻ തയ്യാറായത്.

പോലീസിനും എക്സൈസിനും കേസെടുക്കാന്‍ തുല്യ അധികാരമുണ്ട്‌. എന്നാൽ ചെമ്മണ്ണൂരിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി.ഡെനിമോന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് തുടക്കം മുതൽ പ്രതികരിച്ചത്. പരസ്യത്തിന്റെ ലിങ്ക് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. കള്ളുഷാപ്പ് ഇരിക്കുന്ന പ്രദേശമായ ഞാറക്കല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.സി.ബൈജുവിനെ ബന്ധപ്പെട്ടെങ്കിലും പരാതി ലഭിച്ചില്ല എന്നായിരുന്നു പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല എന്ന് അബ്കാരി ആക്ടിന് നിരക്കാത്ത മറുപടി കിട്ടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചാലേ നടപടിയെടുക്കാൻ കഴിയൂ എന്നായിരുന്നു ഇന്‍സ്പെക്ടറുടെ ന്യായം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top