വി.എസ്.ശിവകുമാറിനെതിരെ ക്രിമിനൽ കേസ്; സഹകരണ ബാങ്ക് തട്ടിപ്പിൽ മൂന്നാം പ്രതി, FIRൽ പൂർണവിവരങ്ങൾ

തിരുവനന്തപുരം: മുൻ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ ബാങ്ക് തട്ടിപ്പിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു എന്ന പരാതിയിൽ കരമന പോലീസാണ് കേസെടുത്തത്. വഞ്ചന, ഗൂഢാലോചന തുടങ്ങി ഗുരുതര വകുപ്പുകൾ ആണ് കേസിൽ ചുമത്തിയിട്ടുള്ളത്.
കല്ലിയൂർ സ്വദേശി മധുസൂദനൻ നായർ 2014ൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ തിരികെ നൽകിയില്ല എന്നതാണ് കേസ്. സംഘത്തിൻ്റെ പ്രസിഡൻ്റ് രാജേന്ദ്രൻ തൻ്റെ അയൽവാസി ആയിരുന്നു. അവിടെ പതിവായി വരാറുണ്ടായിരുന്ന വി. എസ്.ശിവകുമാർ പറഞ്ഞത് പ്രകാരമാണ് മറ്റൊരു ബാങ്കിൽ ഇട്ടിരുന്ന പണം പിൻവലിച്ച് സംഘത്തിൽ നിക്ഷേപിച്ചത്. 2020 വരെ പലിശ കിട്ടി. പിന്നീട് പല തവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ കിട്ടിയില്ല. പല അവധികൾ പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കരമന പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ പറയുന്നു.

ബാങ്ക് പ്രസിഡൻ്റ് രാജേന്ദ്രൻ ഒന്നാം പ്രതിയും സെക്രട്ടറി നീലകണ്ഠൻ രണ്ടാം പ്രതിയും ബാങ്കിലെ എ ക്ലാസ് അംഗമായ വി എസ് ശിവകുമാർ മൂന്നാം പ്രതിയുമാണ്. പണം കിട്ടനുള്ളവർ അടുത്തയിടെ തിരുവനന്തപുരം ശാസ്തമംഗലത്തെ ശിവകുമാറിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ബാങ്കിൻ്റെ ഇടപാടുകളിൽ തനിക്ക് യാതൊരു പങ്കുമില്ല എന്നാണ് ശിവകുമാർ അന്ന് പരസ്യമായി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here