‘കലയുടെ മരണം’ പോലീസിന് തിരിച്ചടിക്കും; കൊല്ലപ്പെട്ടെന്ന് ഉറപ്പിക്കാൻ ഒന്നുമില്ല; യഥാർത്ഥ ദൃശ്യം മോഡൽ ഇതാണ്

15 വർഷം മുൻപ് കാണാതായ ഒരാൾ കൊല്ലപ്പെട്ടുവെന്ന് ഊമക്കത്ത് കിട്ടുന്നു, കത്തിൽ പേര് പറയുന്നവരെ പിടികൂടുന്നു, കത്തിൽ പറയുന്ന സ്ഥലം തുറന്നുപരിശോധിക്കുന്നു, ഒന്നും കിട്ടാതെ വരുമ്പോൾ പിടിയിലായവരെ വീണ്ടും ചോദ്യം ചെയ്യുന്നു, ആദ്യം പറഞ്ഞതെല്ലാം ഇവർ മാറ്റിപ്പറയുന്നു, ഇതോടെ ഒന്നും ഒരുവഴിക്കും മുന്നോട്ട് നീങ്ങാത്ത നിലയിൽ ഇടിച്ചുനിൽക്കുക… ആലപ്പുഴ ചെന്നിത്തലയിൽ നിന്നുള്ള 22കാരി കല കൊല്ലപ്പെട്ടുവെന്ന നിഗമനത്തിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിൻ്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് എത്തിനിൽക്കുന്നത്.
കല കൊല്ലപ്പെട്ടോ?
അങ്ങനെ പറയാൻ ശാസ്ത്രീയമായ ഒരു തെളിവും കിട്ടിയിട്ടില്ല. സാഹചര്യത്തെളിവും ഇല്ല. ഇതിൽ ഏതെങ്കിലുമൊന്ന് ഉണ്ടായില്ലെങ്കിൽ ഊമക്കത്തിന് യാതൊരു വിലയും ഉണ്ടാകില്ല. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമ്പോൾ ഇവ കിട്ടണമായിരുന്നു. അത് കിട്ടാതെ കല കൊല്ലപ്പെട്ടുവെന്ന് പ്രഖ്യാപിച്ചത് അബദ്ധമായി എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
സെപ്റ്റിക് ടാങ്ക് തുറന്നിട്ട് എന്തായി?
മൃതദേഹത്തിൻ്റേതായ ഒരവശിഷ്ടവും കിട്ടിയില്ല. ആകെ കിട്ടിയത് ഒരു ലോക്കറ്റ്, സ്ത്രീകൾ മുടിയിലിടുന്ന പിൻ, അടിവസ്ത്രത്തിൻ്റേതെന്ന് സംശയിക്കാവുന്ന എലാസ്റ്റിക്കിൻ്റെ ഒരുഭാഗം. ഇത് പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അന്വേഷണത്തെ സഹായിക്കില്ല. കാരണം സ്ത്രീകൾ അടക്കം താമസിക്കുന്ന വീടായതിനാൽ ഇവ ഇവിടെ കണ്ടതിനെ അസ്വാഭാവികമായി പരിഗണിക്കാൻ കഴിയില്ല. മനുഷ്യശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം ആയിരുന്നെങ്കിൽ ശാസ്ത്രീയ പരിശോധന നടത്താമായിരുന്നു. നഖമോ പല്ലോ അസ്ഥികളുടെ കഷണമോ എങ്കിലുമാണെങ്കിൽ ഡിഎൻഎക്ക് സാധ്യതയുണ്ടാകും.
കത്തിലെ വിവരങ്ങൾ കൂടുതൽ അന്വേഷിച്ചാൽ?
കാര്യമായ ഫലമുണ്ടാകില്ല. കത്തെഴുതിയ ആൾക്ക് സംഭവത്തെക്കുറിച്ച് നേരിട്ടറിയില്ല എന്നാദ്യമേ വ്യക്തമായിരുന്നു. കേട്ടുകേൾവി മാത്രമാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയത് പോലെ തീർത്ത് കളയുമെന്ന് ഇപ്പോൾ പിടിയിലായവരിൽ ഒരാൾ ഭാര്യയെ ഭീഷണിപ്പെടുത്തി. അതായിരുന്നു ഉള്ളടക്കം. അതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ആദ്യം സെപ്റ്റിക് ടാങ്കിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കസ്റ്റഡിയിൽ കിട്ടിയവരിൽ നിന്ന് അപ്പോഴും മതിയായ വിവരങ്ങൾ കിട്ടിയിരുന്നില്ല. ടാങ്കിൽ നിന്ന് പക്ഷെ ഒന്നും തടഞ്ഞില്ല. അതോടെ പ്രതികളും മൊത്തത്തിൽ കളംമാറ്റിച്ചവിട്ടി.
ALSO READ: ഭാര്യയെ ഭീഷണിപ്പെടുത്തിയത് കുരുക്കായി; 15 വര്‍ഷം ഒളിപ്പിച്ച രഹസ്യം പുറത്തായി
ഇനിയുള്ള വഴി
കലയുടെ ഭർത്താവായിരുന്ന അനിലിനെ ഇസ്രയേലിൽ നിന്നെത്തിക്കണം. അത് എളുപ്പത്തിൽ നടക്കുന്ന കാര്യം സംശയമാണ്. പ്രത്യേകിച്ച് അയാളെ പ്രതിസ്ഥാനത്ത് ഉറപ്പിച്ച് നിർത്താൻ പാകത്തിലുള്ള വ്യക്തമായ തെളിവോ മൊഴികളോ പോലും ഇല്ലാത്ത സാഹചര്യത്തിൽ. കലയെ കാണാതായെന്നോ കൊല്ലപ്പെട്ടുവെന്നോ ഇക്കാലത്തിനിടയിൽ ഒരു പരാതി പോലും പോലീസിന് കിട്ടിയിട്ടില്ല. കല ജീവിച്ചിപ്പുണ്ട് എന്നാണ് മകൻ ആവർത്തിച്ച് പറയുന്നത്. പോരാത്തതിന് കാണാതായെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം കല ഫോണിൽ വിളിച്ചുവെന്ന് സഹോദര ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുമുണ്ട്. കൊന്നുവെന്ന് പോലീസ് കരുതുന്ന സംഘത്തിലെ ആരെങ്കിലും കുറ്റം ഏറ്റുപറയാൻ തയ്യാറായാൽ അവരെ കോടതിക്ക് മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുത്ത് മാപ്പുസാക്ഷിയാക്കി മുന്നോട്ട് പോകാം. അത് മാത്രമാണ് ഏറ്റവുമൊടുവിൽ തെളിയുന്ന മാർഗം. എന്നാൽ അത്തരത്തിലുള്ള പോലീസിൻ്റെ പ്രലോഭനത്തിൽ ഇതുവരെയാരും വീണിട്ടില്ല.
സംഭവിച്ചിരിക്കാൻ സാധ്യത
ഊമക്കത്തിൽ പറഞ്ഞതുപോലെ കല കൊല്ലപ്പെട്ടെങ്കിൽ മുൻ ഭർത്താവ് അനിൽ തന്നെയാകാം ഉത്തരവാദി. കുറഞ്ഞപക്ഷം അയാൾക്ക് അറിവെങ്കിലും ഉണ്ടാകാം. കാണാതായെന്നോ മറ്റോ ഒരു പരാതി പോലും ഇക്കാലത്തിനിടെ അയാൾ ഒരിടത്തും നൽകിയിട്ടില്ല എന്നത് തന്നെയാണ് ഈ നിഗമനത്തിന് അടിസ്ഥാനമായി അന്വേഷകർ പറയുന്നത്. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവുചെയ്യാൻ സഹകരിച്ചവരെ വെട്ടിച്ച് അയാളത് മറ്റെവിടേക്കെങ്കിലും മാറ്റിയിട്ടുണ്ടാകാം. അതുകൊണ്ടാണ് ദൃശ്യത്തെയും വെല്ലുന്ന സിനിമാ സ്റ്റൈലെന്ന് പറയേണ്ടിവരുന്നത്. പ്രതി കുറ്റമേറ്റ് പറഞ്ഞാൽ പോലും, മൃതദേഹം കണ്ടുകിട്ടാതെ ഒരു കൊലക്കേസും കോടതിയിൽ തെളിയിക്കാൻ കഴിയില്ല. ദൃശ്യത്തിലെ ജോർജുകുട്ടിയുടെ ഈ കളി മലയാളി കാണുന്നതിന് ആറുവർഷം മുൻപാണ് കലയെ കാണാതായതെന്ന് കൂടി ഓർക്കണം.
മറ്റൊരു സാധ്യത
കടുത്ത രാസവസ്തുക്കളെന്തോ ടാങ്കിൽ ഒഴിച്ചിട്ടുള്ളതായി പോലീസിന് വേണ്ടി പരിശോധനക്ക് സഹകരിച്ചവർ പറയുന്നുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ രണ്ട് തവണയെങ്കിലും സെപ്റ്റിക് ടാങ്ക് കോരി വൃത്തിയാക്കിച്ചിട്ടുണ്ട് എന്നും പോലീസിന് മൊഴി കിട്ടിയിട്ടുണ്ട്. ടാങ്കറിൽ മാലിന്യം ശേഖരിച്ച് കൊണ്ടുപോയി അനധികൃതമായി കായലിലോ തോട്ടിലോ ഒഴുക്കിക്കളയുന്ന നമ്മുടെ നാട്ടിലെ രീതിവച്ച് അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ ഇനിയൊരു വഴിയും ഉണ്ടായെന്ന് വരില്ല.
ALSO READ: മാന്നാര്‍ കല കേസ് പ്രത്യേക സംഘം അന്വേഷിക്കും; കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നു
സെപ്റ്റിക് ടാങ്കിൽ നിന്നൊന്നും കിട്ടാതെ വരികയും നിലവിലെ പ്രതികളാരും സഹകരിക്കാത്ത സാഹചര്യമാകുകയും ചെയ്ത ഘട്ടത്തിലാണ് തെളിവ് നശിപ്പിക്കലിന് കൂടി കേസെടുത്തത്. എന്നാൽ പ്രധാന കേസായ കൊലക്കേസ് തെളിയാതെ അനുബന്ധ കേസായ ഇത് നിലനിൽക്കുകയുമില്ല. കുട്ടമ്പേരൂര്‍ ആറിന് സമീപം മുട്ടേല്‍ പാലത്തിന് താഴെ മൃതദേഹം കുഴിച്ചിട്ടെന്ന അനിലിൻ്റെ അയല്‍വാസി സോമൻ്റെ വെളിപ്പെടുത്തലും അനിലിന്റെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലാണെന്ന് മറ്റൊരാളുടെ മൊഴിയുമാണ് ഏറ്റവുമൊടുവിൽ വന്നിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ തുപ്പാനും ഇറക്കാനും വയ്യാത്ത അവസ്ഥയിലാണ് അന്വേഷണസംഘം.
കൂടത്തായി കൊലപാതക പരമ്പരകളെക്കുറിച്ച് രഹസ്യവിവരം കിട്ടിയ ശേഷം മാസങ്ങളോളം പോലീസ് നടത്തിയ രഹസ്യാന്വേഷണം ഇപ്പോൾ പലരും ഓർക്കുന്നും ചർച്ച ചെയ്യുന്നുമുണ്ട്. ആവശ്യമായ മുന്നൊരുക്കം ഇല്ലാതെ പ്രഖ്യാപനങ്ങൾ നടത്തിയതാണ് ആലപ്പുഴയിൽ തിരിച്ചടിച്ചത് എന്നാണ് വ്യക്തമാകുന്നത്. ജില്ലാ പോലീസ് മേധാവി നേരിട്ട് മുൻകൈയെടുത്താണ് പാളിച്ചകൾ പരിഹരിക്കാൻ ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here