“നീതി കിട്ടാൻ തൂങ്ങണോ?” പോലീസുകാരൻ്റെ സ്ഥലംമാറ്റ ഉത്തരവിനൊപ്പം പ്രചരിക്കുന്ന ചോദ്യം
കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂർ പോലീസ് സ്റ്റേഷനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച പോലീസുകാരൻ എംവി സജുവിന് വൈകിയെങ്കിലും നീതി ലഭിക്കാൻ സാഹചര്യമൊരുങ്ങി. സ്വന്തം ജില്ലയായ ഇടുക്കിയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് ഉത്തരവിറങ്ങി. പോലീസ് ആസ്ഥാനത്ത് നിന്ന് ഇന്ന് വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ഒരുവർഷത്തോളം മുൻപാണ് സജു അടക്കം അഞ്ചു പോലീസുകാരെ സ്ഥലംമാറ്റിയത്. ബാക്കിയുള്ളവർക്ക് സ്വന്തം സ്ഥലത്തേക്ക് തിരികെ നൽകിയെങ്കിലും ഇയാളുടെ കാര്യത്തിൽ മാത്രം അനുകൂല നടപടി ഉണ്ടായില്ല. ഇത് കടുത്ത നിരാശയിലേക്ക് നയിച്ചെന്നും ഇതാണ് കടുംകൈക്ക് പ്രേരിപ്പിച്ചത് എന്നുമാണ് സഹപ്രവർത്തകർ പറയുന്നത്.
മേശ വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയത് കൊണ്ട് മാത്രമാണ് സജുവിൻ്റെ ജീവൻ രക്ഷിക്കാനായത്. അതിന് പിന്നാലെയാണ് സ്വന്തം സ്ഥലത്തേക്ക് മാറ്റം നൽകാൻ തീരുമാനമായത്. അതുകൊണ്ടാണ് ‘നീതി കിട്ടണമെങ്കിൽ തൂങ്ങണോ’ എന്ന ചോദ്യം സഹിതം ഈ ട്രാൻസ്ഫർ ഓർഡർ പോലീസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here