എസ്പിമാരുടെ വയർലെസ് കോൺഫ്രൻസ് ‘സാട്ട’ കടലാസുപുലിയാകുന്നു; കേൾക്കാൻ പോലീസുകാരില്ല; താക്കീതുമായി സർക്കുലർ

ജില്ലാതലങ്ങളിൽ ക്രമസമാധാന പരിപാലനത്തിന് ചുക്കാൻ പിടിക്കുന്ന എസ്പിമാർക്ക്, അഥവാ ജില്ലാ പോലീസ് മേധാവിമാർക്ക് താഴെത്തട്ടിലുള്ള പോലീസുകാരോട് ദൈനംദിനം സംവദിക്കാനുള്ള പ്രധാന അവസരമാണ് വയർലെസ് മുഖേനയുള്ള സാട്ട (ZATTA) കോൺഫ്രൻസ്. ഔദ്യോഗിക പരിപാടിയാണെങ്കിലും ചില നേരങ്ങളിൽ അത് മാറി തെറിവിളികൾ ഉയരാറുണ്ട് ഈ പരിപാടിയിൽ. ജില്ലകളിൽ കമ്മിഷണർ, അല്ലെങ്കിൽ എസ്പി, ഇവരുടെ അഭാവത്തിൽ നിയോഗിക്കപ്പെടുന്ന അസിസ്റ്റൻ്റ് കമ്മിഷണർ, അല്ലെങ്കിൽ മുതിർന്ന ഡിവൈഎസ്പി രാവിലെ കൃത്യം സമയത്ത് വയർലസിലൂടെ ജില്ലയിലെ സ്റ്റേഷനുകളിലെ മുഴുവൻ പോലീസുകാരെയും അഭിസംബോധന ചെയ്യുന്നു എന്നാണ് വയ്പ്.

തൊട്ടുതലേന്നത്തെ കേസുകളുടെ എണ്ണം, ഗുരുതരസ്വഭാവമുള്ള കേസുകളുടെ വിവരങ്ങൾ, ജോലിചെയ്യാൻ പോകുന്ന ദിവസം നടക്കാനിരിക്കുന്ന പ്രധാന കാര്യങ്ങൾ എന്നിവ അതാത് സ്റ്റേഷനുകളിലെ സിഐ, എസ്ഐ അടക്കമുള്ളവർ മേലുദ്യോഗസ്ഥരെ ധരിപ്പിക്കുകയാണ് വേണ്ടത്. തലേന്ന് കേസുകൾ കുറഞ്ഞുപോയാലോ, നിർദേശിച്ചത് പ്രകാരം പ്രതികളെ പിടിക്കാൻ കഴിയാതെ പോയാലോ…. ഇത്തരം ‘വീഴ്ചകളാണ്’ തെറിവിളി ക്ഷണിച്ചുവരുത്തുന്നത്.

എന്നാലിപ്പോൾ പലയിടങ്ങളിലും പഴയതുപോലെ സാട്ട നടക്കുന്നില്ല എന്നതാണ് വാസ്തവം. പ്രധാന കാരണം പോലീസുകാർ സമയത്ത് എത്തുന്നില്ല എന്നതാണ്. ഇക്കാര്യമാണ് കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥർക്കായി കാഞ്ഞങ്ങാട് ഡിവൈഎസ്പി അയച്ച കുറിപ്പിൽ പറയുന്നത്. സാട്ടയിൽ വയർലെസ് അറ്റൻഡ് ചെയ്യുന്ന ഉദ്യോഗസ്ഥനും ജിഡി ചാർജുള്ള പോലീസുകാരനും പാറാവുകാരനും മാത്രമാണ് പലയിടത്തും കോൺഫ്രൻസിൽ പങ്കെടുക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. സാട്ടക്ക് നിശ്ചയിച്ചിട്ടുള്ള സമയമായ എട്ടുമണി കണക്കാക്കി ഉദ്യോഗസ്ഥർ കൃത്യമായി സ്റ്റേഷനിൽ ഹാജരാകണം എന്നാണ് ഡിവൈഎസ്പി നിർദേശിക്കുന്നത്.

ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ ഇത്രയേറെ പുരോഗമിച്ച കാലത്ത് സാട്ട പോലെയുള്ള പഴഞ്ചൻ പരിപാടികൾ പിന്തുടരേണ്ടതില്ല എന്ന അഭിപ്രായവും പോലീസിലുണ്ട്. ഔദ്യോഗികമായ ആശയവിനിമയത്തിന് വയർലെസ് മാത്രം ഉണ്ടായിരുന്ന കാലത്താണ് പോലീസുകാർ സ്റ്റേഷനിൽ ഒന്നിച്ചുകൂടിയിരുന്ന് എസ്പിയുടെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നത്. ഇന്നിപ്പോൾ പല ജില്ലകളിലും എസ്പിമാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകൾ വരെയുണ്ടാക്കി നിർദേശങ്ങൾ കൈമാറുന്നത് സർവസാധാരണമാണ്. ഔദ്യോഗിക രേഖകളടക്കം ഏത് വിവരങ്ങളും ഇങ്ങനെ തന്നെ കൈമാറാൻ അവസരം ഉള്ളപ്പോൾ സാട്ടയുടെ പേരിൽ എല്ലാവരെയും ഒരുമിച്ചുകൂട്ടി സമയം കളയേണ്ടതില്ല എന്ന വാദമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാസർകോട്ട് നിന്ന് തുടങ്ങിവച്ചിട്ടുള്ള ഈ ‘തിരുത്തൽ’ മറ്റ് ജില്ലകളിലും എസ്പിമാർ ഏറ്റെടുക്കുമെന്ന് ഉറപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top