സിപിഎം നയം മാറ്റിയോ? അതോ നയവ്യതിയാനമോ; സ്വകാര്യ സർവകലാശാലകളെ ക്ഷണിക്കുന്ന ബജറ്റ് പ്രഖ്യാപനം ബാക്കിയാക്കുന്ന ചോദ്യങ്ങൾ

തിരുവനന്തപുരം: “വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയുടെ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്നത് ഇന്ത്യന്‍ സര്‍വകലാശാലകളുടെയും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെയും വളര്‍ച്ചക്ക് ഒട്ടും സ്വീകാര്യമല്ല. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിനും ചേര്‍ന്നതല്ല”… വെറും പതിനാല് വര്‍ഷം മുന്‍പാണ് വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വിദ്യാഭ്യാസം കൈകാര്യം ചെയ്ത എം.എ.ബേബി ഇടതുനയം ഇങ്ങനെ വ്യക്തമാക്കിയത്. ഇന്നലത്തെ കെ.എൻ.ബാലഗോപാലിൻ്റെ ബജറ്റോടെ ഇതാണ് അപ്രസക്തമാകുന്നത്. വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഈ നയംമാറ്റം പാര്‍ട്ടിക്കുള്ളില്‍ ചർച്ചയാകുകയാണ്. വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനെതിരെ 2010 ജനുവരി 27ന് നിയമസഭയില്‍ സിപിഎം അംഗമായ പ്രൊഫ.സി.രവീന്ദ്രനാഥ് ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയം വ്യക്തമാക്കിയത്.

ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കാന്‍ വിദ്യാഭ്യാസ, ചരിത്ര, സാംസ്കാരിക വിദഗ്ധരെയല്ല ചുമതലപ്പെടുത്തിയിരിക്കുന്നത്. മറിച്ച് അംബാനിയെയും ബിര്‍ളയെയുമാണ്. അത് ആഗോളവത്കരണത്തിന്റെയും കമ്പോളവത്കരണത്തിന്റെയും ശുദ്ധ തെളിവാണ്-ഇതായിരുന്നു സി.രവീന്ദ്രനാഥിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലെ പ്രധാന വാദങ്ങള്‍. “വിപണി അധിഷ്ഠിതമായ വികസന കാഴ്ചപ്പാട് വിദ്യാഭ്യാസത്തെയും ഒരു ചരക്കായി കാണുന്നു. അറിവിന്റെ നിഗൂഡവത്കരണമാണ് ഈ വിപണി അധിഷ്ഠിത കാഴ്ചപ്പാടിന്റെ മുഖമുദ്ര. നമ്മുടെ ഭരണഘടനക്ക് ഉള്ളില്‍ നിന്നുകൊണ്ട് നമ്മുടെ സാംസ്കാരിക പശ്ചാത്തലം ഉള്‍ക്കൊണ്ടുകൊണ്ട് അറിവിന്റെ ഔന്നത്യത്തിലേക്ക് വളരാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് മാത്രമേ കഴിയൂ.” വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന് ഒരുതരത്തിലും മുതല്‍ക്കൂട്ടാകില്ലെന്നും എം.എ.ബേബി അന്ന് നിയമസഭയില്‍ പറഞ്ഞു. ആ നിലപാടുകള്‍ ഒക്കെത്തന്നെ ഇപ്പോള്‍ തിരുത്തിപ്പറയേണ്ട ഗതികേടിലാണ് എം.എ.ബേബിയും കൂട്ടരും.

കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിലും വിദേശ സര്‍വകലാശാലകള്‍ക്ക് യുജിസി അംഗീകാരം നല്‍കുന്നതിനെ അതിശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് കുത്തകവത്കരണവും തൊഴില്‍ സുരക്ഷിതത്വവുമില്ലായ്മയും ഉണ്ടാകും. തോന്നിയപോലെ ഫീസ് വാങ്ങാനും മാനദണ്ഡങ്ങള്‍ പാലിക്കാതെ അധ്യാപകരെ നിയമിക്കാനും ഒഴിവാക്കാനും കഴിയും. രാജ്യത്തിന്റെ പരമാധികാരത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ പ്രക്രിയകള്‍ മാറാനിടയുണ്ട്. സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ വിവേചനങ്ങള്‍ ഉണ്ടാകും. വിദേശ സര്‍വകലാശാലകള്‍ വരുന്നതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തിന് യാതൊരു മാറ്റവും സംഭവിക്കില്ലെന്നാണ് പോളിറ്റ്ബ്യൂറോ വിലയിരുത്തിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാവൂ എന്നും പിബി ആവശ്യപ്പെട്ടിരുന്നു.

വെറും രണ്ടുവർഷത്തിനുള്ളിൽ പാർട്ടി പ്രഖ്യാപിച്ച ഈ നിലപാടും വിഴുങ്ങേണ്ട സ്ഥിതിയാണ് പിണറായി സർക്കാരിൻ്റെ ബജറ്റ് കൊണ്ട് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് എം.എ.ബേബി ഉള്‍പ്പെടുന്ന പോളിറ്റ്ബ്യൂറോ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. “തുല്യതയുടേയും സുതാര്യതയുടെയും തത്വങ്ങള്‍ അടിത്തറയാക്കിക്കൊണ്ട് പുതിയ യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങളും പരിശോധിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ചത്. അതുപോലെതന്നെ വിദേശ വിദ്യാര്‍ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റിലുണ്ട്.
സിപിഎം പോളിറ്റ്ബ്യൂറോ എതിര്‍പ്പ് പ്രകടിപ്പിച്ച യുജിസി റഗുലേഷന്‍ അംഗീകരിച്ചുകൊണ്ടാണ് വിദേശ സര്‍വകലാശാലകളെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നത്. എന്നാല്‍ വിദേശ സര്‍വകലാശാലാ ക്യാമ്പസുകള്‍ക്ക് അനുമതി നല്‍കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തലത്തിലോ പാര്‍ട്ടി തലത്തിലോ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി അനുകൂല കോളജ് അധ്യാപക സംഘടനകളുടെ സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നയംമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ബജറ്റില്‍ തന്നെ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്ന നിലപാടിനെ ന്യായീകരിക്കാന്‍ അധ്യാപക- വിദ്യാര്‍ത്ഥി- യുവജന സംഘടനകള്‍ ഏറെ പാടുപെടേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here