പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞിരാമന് മുൻപ് സിപിഎമ്മിൻ്റെ സിറ്റിംഗ് എംഎൽഎയും ജയിലിൽ കിടന്നു!! അതും കൊലക്കേസിൽ
രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കി ജയിലിൽ പോകുന്നത് കേരളത്തിൽ അത്ര പുതിയ കാര്യമൊന്നുമല്ല. പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് സിപിഎമ്മിൻ്റെ തലശ്ശേരി എംഎൽഎ ആയിരുന്ന എംവി രാജഗോപാലൻ ആർഎസ്എസുകാരനെ കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ്. രാജഗോപാലനെ കൂടാതെ മാഹി എംഎൽഎ (പുതുച്ചേരി) കെവി രാഘവനും ഈ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. 1980 ജൂലൈ 25നാണ് തലശ്ശേരി സെഷൻസ് കോടതിയുടെ വിധി പ്രസ്താവമുണ്ടായത്.
1980 ലെ നായനാർ മന്ത്രിസഭയുടെ കാലത്താണ് തലശ്ശേരി എംഎൽഎ ആയിരുന്ന എംവി രാജഗോപാലൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയത്. നിയമസഭ കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഭരണകക്ഷി എംഎൽഎയെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വാർത്ത വന്നത്. 1978 നവംബർ രണ്ടിന് തലശ്ശേരി- പള്ളൂരിൽ ആർഎസ്എസ് പ്രവർത്തകനായ കുന്നോത്ത് പറമ്പത്ത് രവീന്ദ്രനെ (33) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സിപിഎമ്മിൻ്റെ കേരളത്തിലേയും പോണ്ടിച്ചേരിയിലേയും രണ്ട് എംഎൽഎ മാരുൾപ്പടെ 12 പേരെ ജീവപര്യന്തം തടവിന് സെഷൻസ് ജഡ്ജി എ ആൻ്റണി ശിക്ഷിച്ചത്. തലശ്ശേരി പരിസരങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘട്ടനങ്ങളിൽ ചാർജ് ചെയ്യപ്പെട്ട കേസിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട കേസായിരുന്നു രവീന്ദ്രൻ കൊലപാതകം. സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യാപിതാവായിരുന്നു എംവി രാജഗോപാലൻ.
1978 നവംബർ രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് പള്ളൂർ റോഡിൽ വെച്ചാണ് സിപിഎം പ്രവർത്തകർ സംഘം ചേർന്ന് കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മാഹിയിലെ പള്ളൂർ സ്പിന്നിംഗ് മില്ലിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട കെപി രവീന്ദ്രൻ. കൊലപാതകത്തിന് മുമ്പായി ഒക്ടോബർ 30 ന് ചൊക്ലി സിപിഎം ഓഫീസിൽ വെച്ച് ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ്റെ പ്രധാന കണ്ടെത്തൽ. കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ എംഎൽഎമാർക്ക് എതിരെയുള്ള കുറ്റം. ചൊക്ലി ലോക്കൽ കമ്മറ്റി സെക്രട്ടറി കെവി ദാമോദരൻ, എപി സുരേഷ്, കെ വാസു എന്ന മാമൻ വാസു, മൂട്ട രാജു എന്ന രാജൻ, എം പുരുഷോത്തമൻ എന്ന പുരുഷു, എം ബാബു, കെടി കുമാരൻ എന്ന അട്ട കുമാരൻ, ഇല്ലിക്കൽ പ്രഭാകരൻ, കുഞ്ഞാമു എന്നിവരായിരുന്നു മറ്റ് പ്രതികൾ.
നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ ഭരണകക്ഷി അംഗത്തെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള കോടതി ഉത്തരവും ജയിൽ സൂപ്രണ്ടിൻ്റെ കത്തും സ്പീക്കർ എപി കുര്യൻ സഭയിൽ വായിക്കുമ്പോൾ ട്രഷറി ബഞ്ച് സ്തംഭിച്ചിരിക്കുകയായിരുന്നു. ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന് കോടതി വിധി കനത്ത തിരിച്ചടിയായിരുന്നു.
ചൊക്ലി കൊലക്കേസ് എന്നറിയപ്പെട്ട ഈ കേസിലെ മുഴുവൻ പ്രതികളേയും 1980 ഒക്ടോബർ ഏഴിന് ഹൈക്കോടതി വെറുതെ വിട്ടു. “പ്രോസിക്യൂഷൻ നിരത്തി വെച്ച തെളിവുകളെ ആധാരമാക്കി പ്രതികളെ ശിക്ഷിക്കുക വയ്യ” എന്നാണ് ജസ്റ്റിസുമാരായ പി ജാനകിയമ്മ, എസ്കെ ഖാദർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്. സിപിഎം നേതാവും തലശ്ശേരി എംഎൽഎയുമായിരുന്ന പാട്യം ഗോപാലൻ്റെ നിര്യാണത്തിൽ ഹർത്താൽ നടത്താനുള്ള സിഐടിയു നീക്കം കൊല്ലപ്പെട്ട രവീന്ദ്രൻ ഇടപെട്ട് പരാജയപ്പെടുത്തിയതാണ് കൊലയിൽ കലാശിക്കാനുണ്ടായ കാരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here