കോണ്ടം പ്രചരണ ആയുധമാക്കി ആന്ധ്രയിലെ പാര്‍ട്ടികള്‍! പരസ്പരം വിമര്‍ശിച്ച് വൈഎസ്‌ആര്‍ കോണ്‍ഗ്രസും ടിഡിപിയും

അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിചിത്ര പ്രചാരണ രീതിയുമായി ആന്ധ്രാപ്രദേശിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ട്ടിയുടെ പേരും ചിഹ്നവുമടങ്ങിയ കോണ്ടം പാക്കറ്റുകള്‍ വിതരണം ചെയ്താണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്റെയും എൻ.ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങളുള്ള കോണ്ടം പാക്കറ്റുകൾ വോട്ടർമാർക്ക് വിതരണം ചെയ്യുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീടുതോറുമുള്ള പ്രചാരണത്തിനിടെ പാർട്ടി പ്രവർത്തകർ വിതരണം ചെയ്ത കിറ്റിന്‍റെ ഭാഗമാണ് കോണ്ടം പാക്കറ്റുകൾ.
അതേസമയം ഇരു പാര്‍ട്ടികളും കോണ്ടം വിതരണത്തിനെതിരെ പരസ്പരം വിമര്‍ശനങ്ങളും ഉന്നയിച്ചു. പ്രചരണം കോണ്ടം കൊണ്ട് നിര്‍ത്തുമോ അതോ വയാഗ്ര കൂടി വിതരണം ചെയ്യുമോ എന്ന് പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് വൈഎസ്ആർ എക്സില്‍ കുറിച്ചു.
ഇതാണോ പാർട്ടി ഉന്നയിക്കാറുള്ള സിദ്ധം (തയ്യാറെടുപ്പ്) എന്ന് വൈഎസ്ആറിന്‍റെ ലോഗോയുള്ള കോണ്ടം പാക്കറ്റിന്‍റെ ചിത്രം കാണിച്ച് ടിഡിപി മറുപടി നല്‍കി. ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് തെലുങ്കിൽ ഉപയോഗിക്കുന്ന പദമാണ് സിദ്ദം.
എന്നാല്‍ എന്തിനാണ് ഇത്തരം കോണ്ടം പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത് എന്ന ചോദ്യത്തിന് കൂടുതൽ കുട്ടികളുണ്ടെങ്കിൽ, കൂടുതൽ പണം വിതരണം ചെയ്യണം, അതിനാലാണ് ഈ കോണ്ടം നല്‍കുന്നത് എന്ന് ടിഡിപി പ്രവര്‍ത്തകന്‍ മറുപടി നല്‍കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here