‘സഹകരണ’ കൊള്ളയിൽ പ്രതികളെ ചേർത്തുപിടിച്ച് പാർട്ടികൾ; തെളിവുകൾ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളുടെ ‘സൂത്രധാരൻമാർ’ എന്നാരോപിക്കുന്നവരെ സംരക്ഷിച്ച് ഇടത്-വലത്-ബിജെപി വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെ വിവിധ തട്ടിപ്പ് ബാങ്കിൽ നടന്ന വ്യാപക ക്രമക്കേടുകളാണ് പുറത്ത് വന്നത്. കണ്ടല്ലൂർ സഹകരണ ബാങ്ക്, ആനക്കയം സഹകരണ ബാങ്ക്, അരിയൂർ സഹകരണ ബാങ്ക്, മൈലപ്ര സഹകരണ ബാങ്ക്, വടക്കേവിള സഹകരണ ബാങ്ക്, കുറ്റൂർ സഹകരണ ബാങ്ക്, പുൽപ്പള്ളി സഹകരണ ബാങ്ക്, കിഴക്കേനട സഹകരണ ബാങ്ക്, തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക്, കണ്ടല സഹകരണ ബാങ്ക്….. അങ്ങനെ നീളുന്നു വ്യാപക ക്രമക്കേടുകൾ നടന്ന ബാങ്കുകളുടെ പട്ടിക.
ഈ സഹകരണ ബാങ്കുകളെല്ലാം ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയുടെ നിയന്ത്രണത്തിലാണുള്ളത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. എന്നിട്ടും തട്ടിപ്പിന് കാരണക്കാരെന്ന് ആരോപിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്. സഹകരണ മേഖലക്ക് വേണ്ടി നിലകൊള്ളുന്നു എന്നവകാശപെടുന്ന ഭരണ പ്രതിപക്ഷ പാർട്ടികൾ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണ് എന്ന് തെളിയിക്കുന്നതാണ് ആരോപണ വിധേയരെ ചേർത്ത് പിടിക്കുന്ന നടപടികൾ. സഹകരണ തട്ടിപ്പിൽ മാത്രമല്ല തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിലും കൊടി നിറവ്യത്യാസമില്ലാതെ ഒരേ തൂവൽപക്ഷികളായി മാറുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും സിപിഎം, കോൺഗ്രസ്, സിപിഐ ഭരണത്തിലാണെങ്കിലും ബിജെപി നിയന്ത്രണത്തിലുളള ബാങ്കുകളിലും സ്ഥിതി മറിച്ചല്ല. അടുത്തിടെ ക്രമക്കേടുകൾ പുറത്തുവന്ന ചെങ്ങന്നൂര്‍ കിഴക്കേനട സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍ഗോഡ് മുഗു സഹകരണ ബാങ്ക്, തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്ക് ഇവയെല്ലാം ബിജെപി നിയന്ത്രണത്തിലുള്ളവയാണ്. ബിജെപിക്ക് നിയന്ത്രണമുള്ള സംസ്ഥാനത്തെ 10 ബാങ്കുകളിൽ ഏഴിലും വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഒരിടത്തും ആരോപണ വിധേയരെ തള്ളി പറയാനോ നടപടി എടുക്കാനോ പാര്‍ട്ടി തയ്യാറായിട്ടില്ല. ഇത് എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിക്കുന്ന ബിജെപിയുടെ ആത്മാർത്ഥത ചോദ്യം ചെയ്യുന്നതാണ്.
തട്ടിപ്പുകാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ ആവർത്തിച്ചാവർത്തിച്ച് പറയുന്നത്. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയവർക്കെതിരെ നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് രാഷ്ട്രീയ നേതൃത്വം. തിരുവനന്തപുരം കണ്ടല ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് 30 വർഷമായി ബാങ്ക് പ്രസിഡൻ്റായിരുന്ന എൻ. ഭാസുരാംഗനെ കഴിഞ്ഞ ദിവസം സിപിഐ പുറത്താക്കിയിരുന്നു. 2005-2021 കാലയളവിൽ 101 കോടിയുടെ ക്രമക്കേട് ബാങ്കിൽ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയതിന് ഒന്നര വർഷത്തിന് ശേഷമായിരുന്നു നടപടി.
ഇഡി കസ്റ്റഡിയിൽ എടുത്തശേഷം മുഖം രക്ഷിക്കാൻ ചെയ്ത നടപടിയാണെന്നും ഭാസുരാംഗനെ ഇത്രയും കാലം സംരക്ഷിച്ചത് പാർട്ടി നേതൃത്വവുമാണെന്നുമുള്ള വിമർശനം സിപിഐക്കുള്ളിൽ തന്നെ ശക്തമാണ്. പാർട്ടിയുടെ ചിറകിനടിയിൽ സുരക്ഷിതനായി ഇരുന്നുകൊണ്ടാണ് പിന്നീട് ഭാസുരാംഗൻ ക്ഷീരസംഘത്തിലും ക്രമക്കേടുകൾ നടത്തിയത്. കണ്ടല ബാങ്ക് തട്ടിപ്പ് സഹകരണ വകുപ്പ് കണ്ടെത്തിയതിന് ശേഷമാണ് സിപിഐ ഭാസുരാംഗനെ തിരുവനന്തപുരം മിൽമ മേഖലാ കൺവീനറാക്കി വീണ്ടും അഴിമതി നടത്താൻ അവസരമുണ്ടാക്കിയത്.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തതും കസ്റ്റഡിയിലായതുമായ നേതാക്കളെ പാർട്ടി സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട്. അത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ പര്യസ്യമാക്കിയതാണ്. സിപിഎം നേതാക്കൾക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഇഡിയെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുമെന്ന വാദമാണ് ഗോവിന്ദനും പാർട്ടിയും ഉയർത്തുന്നത്. അതു കൊണ്ട് തന്നെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷൻ, സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം.കെ. കണ്ണന്‍ എന്നിവര്‍ക്കെതിരെയും യാതൊരു വിധത്തിലുള്ള നടപടിയും ഇതുവരെ പാർട്ടി സ്വീകരിച്ചിട്ടില്ല. കൊടിയത്തൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ്, മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് ജെറി ഈശോ ഉമ്മന്‍ എന്നിവർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല.
സഹകരണ ബാങ്ക് കൊള്ളക്കാരെ താൻ തള്ളിപ്പറയുന്നു എന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചില വാചകങ്ങളുണ്ട് – “സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്?”
കോൺഗ്രസ് ഭരണസമിതികളുള്ള ബാങ്കുകളിലും തട്ടിപ്പുകൾ നടക്കുന്നുവെന്ന് അർത്ഥമുള്ള ഈ വാചകങ്ങളിൽ പ്രതിപക്ഷ നേതാവിൻ്റെ യാഥാര്‍ത്ഥ്യബോധം വ്യക്തമാണ്. സഹകരണ ബാങ്ക് കൊള്ളക്കാരെ താൻ തള്ളിപ്പറയുന്നു എന്നാണ് വാചകത്തിൻ്റെ അർത്ഥം. എന്നാൽ സ്വന്തം പാർട്ടിക്കാർ നടത്തിയ തട്ടിപ്പുകൾക്കെതിരെ കോണ്‍ഗ്രസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ചാല്‍ പ്രതിപക്ഷ നേതാവിൻ്റെയും ഉത്തരം മുട്ടും. പുൽപ്പള്ളി ബാങ്ക് തട്ടിപ്പു കേസിൽ ഇഡി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. അബ്രഹാമിനെ പാർട്ടി ഇതുവരെ പുറത്താക്കിയിട്ടില്ല. കർഷക കോൺഗ്രസ് നേതാവ് എം.എസ്. അനിലിൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം മാരായമുട്ടം ബാങ്കിൽ കോടികൾ അഴിമതി നടന്നതെന്ന ആരോപണം ഉയർന്നിട്ടും പാർട്ടി നേതൃത്വം ഉറക്കത്തിലാണ്. അൺഎംപ്ലോയിസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി നിക്ഷേപ തട്ടിപ്പുകേസിൽ മുൻകൂർ ജ്യാമത്തിലുള്ള കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിനെ തള്ളി പറയാനോ നടപടിയെടുക്കാനോ ഇതുവരെ കോൺഗ്രസ് നേതൃത്വവും തയാറായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here