ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാൻ നടത്തിയ നീക്കങ്ങൾ ഫലംകണ്ടോ? ഒരുറപ്പുമില്ലാതെ മുന്നണികൾ; ക്രൈസ്തവരെ ലക്ഷ്യമിട്ട ബിജെപിക്ക് അവസാനലാപ്പിൽ തിരിച്ചടിച്ച് തെലങ്കാന സ്കൂൾ അതിക്രമവും

എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികളും രാഷ്ടീയ പാര്‍ട്ടികളും സംസ്ഥാനത്തെ 44.4 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ എങ്ങോട്ട് തിരിയും എന്ന് ആലോചിച്ച് തലപുകയ്ക്കാറ് പതിവാണ്. ബിജെപി ചില മണ്ഡലങ്ങളില്‍ യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതു കൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ഇത്തവണ ആരുടെ പെട്ടിയിലേക്ക് ന്യൂനപക്ഷ മനസ് മറിയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മലബാറിലെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിലെ പ്രധാന വിഷയം പൗരത്വ നിയമമാണ്. എല്ലാ നേതാക്കളും ഘോരഘോരം ഈ വിഷയത്തില്‍ പ്രസംഗിക്കുന്നുണ്ട്. 2011ലെ സെന്‍സസ് പ്രകാരം പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടര്‍മാർ 25 ശതമാനത്തിലധികമുണ്ട്. ഈ എട്ടിടത്തെ മുസ്ലീം വോട്ടർമാരുടെ ശതമാനക്കണക്ക് ഇങ്ങനെ.

കേരളത്തിലെ 20 മണ്ഡലങ്ങളിലെ 13 ഇടങ്ങളില്‍ ക്രിസ്ത്യാനികൾ അടക്കം ന്യൂനപക്ഷ വോട്ടർമാരുടെ എണ്ണം 35 ശതമാനത്തിലധികമാണ്. ആറ് മണ്ഡലങ്ങളില്‍ ക്രൈസ്തവ വോട്ടര്‍മാര്‍ 20 ശതമാനത്തിലധികമുണ്ട്. ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യഥാക്രമം 41 ശതമാനവും 39.6 ശതമാനവുമാണ്.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മുസ്ലീം – ക്രിസ്ത്യന്‍ വോട്ടുകകളില്‍ ഏതാണ്ട് 75 ശതമാനവും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് ലഭിച്ചതായാണ് CSDS (Centre for the Study of Developing Societies) എന്ന ഏജൻസി നടത്തിയ പോസ്റ്റ്‌പോള്‍ സര്‍വെയില്‍ വെളിപ്പെട്ടത്. 19 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ആ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചത്. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന ശക്തമായ പ്രചരണം ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് മുന്നണിയിലേക്ക് അടുപ്പിച്ചുവെന്ന് വ്യക്തം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തിനാണ് ആലപ്പുഴ യുഡിഎഫിന് നഷ്ടമായത്.

എന്നാല്‍ രണ്ട് കൊല്ലം കഴിഞ്ഞ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിഞ്ഞു. 35 ശതമാനം ക്രിസ്ത്യാനികളും 39 ശതമാനം മുസ്ലിംങ്ങളും പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് CSDSന്റെ പോസ്റ്റ്‌പോള്‍ സര്‍വ്വെയില്‍ വെളിപ്പെട്ടത്. 99 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വന്‍ വിജയം നേടിയതിന് പിന്നില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണെന്ന് വെളിപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിൻ്റെ പൗരത്വ നിയമവും ഏകീകൃത സിവില്‍ കോഡും നടപ്പാക്കുന്നത് തടയാന്‍ മറ്റാരേക്കാളും മുന്നില്‍ ഇടതു മുന്നണിയാണെന്ന ധാരണ മുസ്ലീം വോട്ടർമാര്‍ക്കിടയില്‍ പരന്നതും എല്‍ഡിഎഫ് ഗുണകരമായി.

പരമാവധി ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ഇടത്-വലതു മുന്നണികള്‍ കൊണ്ടുപിടിച്ച പരിശ്രമങ്ങളാണ് ഇത്തവണ നടത്തുന്നത്. ഇടത് നേതാക്കളുടെ പേരിലുള്ള ഇഡി കേസുകള്‍ ഒതുക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസാണ് ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ട്. ഈ അവകാശ വാദങ്ങള്‍ പൊള്ളയാണെന്നാണ് സിപിഎം പറയുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിയുടേയും കെ.കരുണാകരന്റേയും മക്കള്‍ ബിജെപിയിലേക്ക് പോയത് സിപിഎം എടുത്ത് കാണിക്കുന്നു. മുസ്ലീംലീഗിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ സിപിഎം പരമാവധി ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച ഫലം സൃഷ്ടിക്കാനായില്ല. ആ ശ്രമം നടക്കാതെ വന്നപ്പോള്‍ സമുദായത്തിലെ ലീഗ് വിമര്‍ശകരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ ഒരു വിഭാഗത്തെ അടുപ്പിച്ചു നിര്‍ത്താന്‍ പരിശ്രമങ്ങള്‍ തുടരുന്നുണ്ട്. സമസ്തയ്ക്ക് താല്‍പര്യമുള്ള ലീഗ് വിമതന്‍ കെ.എസ്.ഹംസയെ പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത് ഈ ലക്ഷ്യമിട്ടാണ്.

കേരളത്തിലെ കോണ്‍ഗ്രസിന്റെ എല്ലാ കാലത്തുമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റാണ് ക്രിസ്ത്യാനികള്‍. എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ അഭാവം യുഡിഎഫിനെ വല്ലാതെ അലട്ടുന്നുണ്ട്. യാക്കോബായ സഭയൊഴിച്ച് ബാക്കി എല്ലാ സഭാവിഭാഗങ്ങളും പിണറായി സര്‍ക്കാരുമായി ഇപ്പോള്‍ നല്ല ബന്ധത്തിലല്ല. മലയോര പ്രദേശങ്ങളിലെ വന്യജീവി അക്രമണങ്ങള്‍ തടയുന്നതിലെ സര്‍ക്കാരിന്റെ അനാസ്ഥയും ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതും സഭകളെ അലോസരപ്പെടുത്തുന്ന വിഷയങ്ങളാണ്.

ക്രിസ്ത്യാനികളെ പാട്ടിലാക്കാന്‍ ബിജെപി പല ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. മണിപ്പൂര്‍ കലാപവും വടക്കെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങളും ബിജെപിയില്‍ നിന്ന് ക്രിസ്ത്യാനികളെ അകറ്റിനിര്‍ത്തുന്ന ഘടകങ്ങളാണ്. അവയെല്ലാം വെറും കെട്ടുകഥകളാണെന്ന മട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് വിശദീകരിച്ച് വരുന്നതിനിടെയാണ് തെലങ്കാന മദർ തെരേസാ സ്കൂളിൽ കഴിഞ്ഞയാഴ്ച തീവ്രഹിന്ദുത്വവാദികൾ അഴിഞ്ഞാടിയത്. സ്കൂൾ മാനേജരായ വൈദികനെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായുള്ള വാർത്തകളും വീഡിയോകളും പുറത്തുവരികയും കൂടി ചെയ്തതോടെ കേരളത്തിലെ ബിജെപി അനുഭാവികളായ ക്രിസ്ത്യൻ സംഘടനകൾക്കും മിണ്ടാട്ടം മുട്ടിയ അവസ്ഥയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top