രാഷ്ട്രീയപാർട്ടി രൂപീകരണത്തിൽ കത്തോലിക്കാ സഭാതലപ്പത്ത് ഭിന്നത? തലശേരി, പാലാ മെത്രാന്മാർ പറയുന്നത്….

വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനം രൂപീകരിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. അതുകൊണ്ട് സ്വർഗത്തിൽ എത്താമെന്ന് ആരും കരുതുന്നില്ല. ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. എങ്കിൽ ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും മാർ കല്ലറങ്ങാട്ട് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രതികരണം.

വേണ്ടിവന്നാൽ ക്രൈസ്തവർ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്ന് പാംപ്ലാനി പറഞ്ഞിരുന്നു. താമരശ്ശേരി രൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്തു നടത്തിയ അവകാശ പ്രഖ്യാപന റാലിയിലാണ് പാംപ്ലാനി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ ജനതയെ ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും എക്കാലത്തേക്കും സ്വന്തം വോട്ടുബാങ്കായി ക്രൈസ്തവരെ കാണേണ്ട. ക്രൈസ്തവർ ആരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റല്ല. തങ്ങൾ ക്രൂരമായി അവഗണിക്കപ്പെടുകയാണ് എന്നും മാർ പാംപ്ലാനി പറഞ്ഞിരുന്നു.

ഇതിനെ നേരിട്ട് പരാമർശിക്കാതെയാണ് പാലാ മെത്രാൻ നിലപാട് വ്യക്തമാക്കിയത്. വഖഫ് ബിൽ പാർലമെൻ്റിൽ പാസാക്കുന്ന ഘട്ടത്തിൽ കത്തോലിക്കാ മെത്രാൻ സമിതി കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. പക്ഷെ അവർക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കേണ്ടി വന്നു. ആരും സഭയിൽ വിയോജിപ്പ് അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷിക്കപ്പെടണം. എന്നാൽ ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണെന്നും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, ആശയപരമായും ധാർമികമായും പലരെയും തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top