മോദി തിരികെ വരുമോയെന്നതില്‍ സംശയം; മസ്‌കിന് പിന്നാലെ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്നു; പത്ത് ദിവസത്തിനിടെ പിന്‍വലിച്ചത് 17000 കോടി
മുംബൈ : ലോകത്തിലെ വന്‍കിട ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചത് വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയായിട്ടാണ് പലരും നിരീക്ഷിച്ചത്. 25000 കോടി രൂപയുടെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ യൂണിറ്റ് പ്രഖ്യാപിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും ബിജെപിയും പ്രചരിപ്പിച്ചിരുന്നത്. പൊടുന്നനെ തന്റെ സന്ദര്‍ശനം മാറ്റിവച്ചതായി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ക്ക് മോദി ഭരണകൂടത്തോട് താല്‍പര്യം കുറഞ്ഞുവെന്ന സൂചനയായിട്ടാണ് മസ്‌കിന്റെ പിന്‍മാറ്റത്തെ കണ്ടത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇലോണ്‍ മസ്‌കിന്റെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെയാണ് ബിജെപി കണ്ടിരുന്നത്. ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കുമെന്നും പുരോഗതിയിലേക്ക് ഉയര്‍ത്തുമെന്നുമുള്ള മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് മസ്‌കിന്റെ വരവ് ബലമേകുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. രാജ്യത്ത് വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനകള്‍ മസ്‌കിന് മനസിലായതുകൊണ്ടാണ് യാത്ര മാറ്റിയതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു.
മസ്‌കിന് പിന്നാലെ നിരവധി വിദേശ നിക്ഷേപകരാണ് കൂട്ടത്തോടെ പിന്‍മാറ്റം തുടങ്ങിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം 8700 കോടി രൂപ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു. ഈ മാസത്തെ ആദ്യ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 17000 കോടി രൂപയിലധികമാണ് പിന്‍വലിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് വിദേശ നിക്ഷേപകരുടെ പിന്‍മാറ്റത്തിന് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. പൊതുതിരഞ്ഞെടുപ്പിലെ പ്രചരണത്തില്‍ ഭരണകക്ഷിയായ ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാത്തതാണ് പിന്‍മാറ്റത്തിലെ പ്രധാന കാരണം. ഒപ്പം അമേരിക്കന്‍ നിക്ഷേപകര്‍ക്ക് മോദി സര്‍ക്കാരിലും ബിജെപിയിലുമുള്ള താല്‍പര്യം കുറഞ്ഞുവെന്നതിന്റെ സൂചനയായിട്ടാണ് ഈ പിന്‍മാറ്റത്തെ വിലയിരുത്തപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here