കോടികൾ മുടക്കുന്ന പ്രതിമകൾക്ക് പിന്നിലെ രാഷ്ട്രീയം… ഒറ്റ അറസ്റ്റിൽ തീരുമോ അഴിമതി?

മഹാരാഷ്ട്രയിലെ കൂറ്റൻ ശിവജി പ്രതിമ നിലംപൊത്തിയ സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്‍റ് അറസ്റ്റിലായി. പ്രതിമ തകർന്നതോടെ ഒളിവിൽപോയ ചേതൻ പാട്ടീൽ എന്നയാളെ ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താനല്ല സ്ട്രക്ചറൽ കൺസൾട്ടന്‍റ് എന്നാണ് കോൽഹാപുർ സ്വദേശിയായ ചേതൻ പറയുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴി നാവികസേനക്ക് പ്ലാറ്റ്ഫോമിൻ്റെ ഡിസൈൻ സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു ബന്ധവുമില്ല എന്നുമാണ് ഇയാളുടെ വിശദീകരണം. ഒളിവിൽപോയ ശിൽപി ജയദീപ് ആപ്തേയെ കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാൽ ശിൽപിയിലും ഡിസൈനറിലും തീരുന്നതാണോ വീഴ്ച എന്നതാണ് ഉയരുന്ന ചോദ്യം. പ്രത്യേകിച്ച് നാവികസേനയുടെ കൂടി മേൽനോട്ടത്തിൽ നടത്തിയ 3643 കോടിയുടെ നിർമിതിയിൽ.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദേശസ്നേഹവും ദേശീയതയുമൊക്കെ വലിയ ബ്രാൻഡായി മാറ്റുന്നത് പതിവാണ്. അതിൻ്റെ ഭാഗമായി കോടികൾ മുടക്കി ദേശീയ നേതാക്കളുടേയും ആത്മീയാചാര്യന്മാരുടേയും പ്രതിമകൾ രാജ്യത്തുടനീളം സ്ഥാപിക്കുന്നത് ബിജെപി സർക്കാരിൻ്റെ മുഖ്യ അജണ്ടയാണ്. മഹാരാഷ്ട്ര സിന്ധുദർഗിലെ മാൽവൻ രാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ച മറാത്ത ചക്രവർത്തി ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുംപെട്ട് തകർന്ന് വീണത്. എട്ട് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണിത്.
ശില്പിയും കോൺട്രാക്ടറുമാണ് മഹാരാഷ്ട്ര പോലീസെടുത്ത കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത്. തുരുമ്പിച്ച നട്ടും ബോൾട്ടും ഉപയോഗിച്ചാണ് പ്രതിമ സ്ഥാപിച്ചിരുന്നത് എന്ന ആരോപണം ശക്തമായി നിലനിൽക്കുകയാണ്. മഴയിലും കാറ്റിലും 3643 കോടി ഒലിച്ചുപോയതിൻ്റെ കാരണം അഴിമതി തന്നെയെന്ന് ഉറപ്പിച്ചാണ് പ്രതിപക്ഷം. കക്ഷിരാഷ്ടീയത്തിനതീതമായി ശിവജി മഹാരാജാവ് മഹാരാഷ്ടയിലെ ജനങ്ങളുടെ പോരാട്ടത്തിൻ്റെ പ്രതീകമാണ്. അധിനിവേശ ശക്തികളായിരുന്ന മുഗൾ രാജവംശത്തിനും യൂറോപ്യന്മാർക്കുമെതിരെ പോരാടിയ ശിവജിയെ ദേശസ്നേഹത്തിൻ്റെ പ്രതീകമായിട്ടാണ് പ്രതിമ സ്ഥാപിച്ച് ആദരിച്ചത്.
മോദി സർക്കാർ അധികാരത്തിൽ വന്ന് ഏതാനും ദിവസങ്ങൾ കൊണ്ടാണ് ഗുജറാത്തിൽ സർദ്ദാർ പട്ടേൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെ പ്രതിമ ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപത്താണ് നിർമ്മിച്ചത്. 182 അടി ഉയരമുള്ള ഈ പ്രതിമ ഇന്ന് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയതാണ്. 2989 കോടി രൂപ മുടക്കി നാല് വർഷം കൊണ്ടാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of unity) എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിൻ്റെ പ്രതിമ പണി പൂർത്തിയാക്കിയത്. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പം ഇതിനുണ്ട്.
177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെമ്പിൾ ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. 2018 ഒക്ടോബർ 31ന് പട്ടേലിൻ്റെ വെങ്കല പ്രതിമ നരേന്ദ്ര മോദി അനാഛാദനം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ചിലവേറിയ പ്രതിമ എന്നായിരുന്നു തുടക്കത്തിലെ വിശേഷണം. പിന്നീട് പട്ടേൽ പ്രതിമയേക്കാൾ ചെലവേറിയ പ്രതിമകൾ രാജ്യത്ത് പലയിടത്തായി പൊങ്ങി; ഇപ്പോഴും പൊങ്ങുന്നു. 70,000 ടൺ സിമൻ്റും 6000 ടൺ സ്റ്റീലും ആണ് പ്രതിമയുടെ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. പ്രതിമയുടെ ഉദ്ഘാടന പരസ്യത്തിനായി മാത്രം 2.64 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
തെലുങ്കാനയിലെ ആത്മീയാചാര്യനായ ശ്രീ രാമാനുജാചാര്യരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച 1000 കോടിയുടെ പ്രതിമ നിയമ സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 216 അടി ഉയരമുള്ള ‘സ്റ്റാച്യു ഒഫ് ഇക്വാളിറ്റി’ എന്നറിയപ്പെടുന്ന ഈ സ്മാരകസ്തംഭം ഹൈദരാബാദിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള രാമനഗറിലെ രാമാനുചാര്യ ക്ഷേത്രത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വിശ്വാസം, ജാതി, മതം എന്നിവയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോത്സാഹിപ്പിക്കാൻ ശ്രീരാമാനുജാചാര്യ അക്ഷീണം പ്രയത്നിച്ചിരുന്നു. അദ്ദേഹത്തിന്റെ ആയിരാമത്തെ ജന്മവാർഷികത്തിന്റെ ഭാഗമായിട്ടാണ് പഞ്ചലോഹ പ്രതിമ നിർമ്മിച്ചത്.
മധ്യപ്രദേശിൽ നർമ്മദാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലെ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമയും കോടികൾ മുടക്കി പണിഞ്ഞതാണ്. ഇൻഡോറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ഓംകാരേശ്വർ. ആദിശങ്കരാചാര്യർ പ്രശസ്‌തമാക്കിയ അദ്വൈത വേദാന്ത തത്വചിന്തയുടെ ആഗോള കേന്ദ്രമായിട്ടാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 108 അടി ഉയരത്തിൽ 28 ഏക്കറിലായി നിർമ്മിച്ച ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം 2022 സെപ്റ്റംബറിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനാഛാദനം ചെയ്തു. ഭീമാകാരമായ മൾട്ടി-ലോഹ ശിൽപം, ആദിശങ്കരാചാര്യരെ 12 വയസ്സുള്ള ആൺകുട്ടിയായി ചിത്രീകരിക്കുന്നതാണ്. 2000 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പ്രതിമയും അനുബന്ധ കേന്ദ്രങ്ങളും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്.
ബംഗളൂരു നഗരത്തിന്റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു. 16ാം നൂറ്റാണ്ടിലാണ് കെംപെഗൗഡ കര്‍ണ്ണാടകയില്‍ ബെംഗളൂരു നഗരം സ്ഥാപിച്ചത്. നഗര സ്ഥാപകൻ്റ ഓർമ്മക്കായി ബിജെപിയുടെ ഭരണകാലത്താണ് 100 കോടി രൂപ മുടക്കി പ്രതിമ നിർമ്മിച്ചത്. 218 ടണ്ണോളം (ഇതില്‍ 98 ടണ്ണോളം വെങ്കലവും 120 ടണ്ണോളം സ്റ്റീലുമാണ് ഉപയോഗിച്ചിരിക്കുന്നത്) ഭാരമുള്ള ഈ പ്രതിമ സ്ഥാപിച്ചതിന് പിന്നിലും കടുത്ത ദേശീയതയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോടികളുടെ പ്രതിമാ നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ വരുമ്പോഴാണ് ഇവയുടെ ഓരോന്നിൻ്റെയും ഉദ്ഘാടനങ്ങൾ നടക്കുക എന്നതാണ് പ്രത്യേകത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here