സിറ്റി പോലീസ് കൺട്രോൾറൂം ഗ്രൂപ്പിൽ രാഷ്ട്രീയം, വാട്സാപ്പിൽ കലാപം!!

തിരുവനന്തപുരം: അച്ചടക്കസേന എന്ന നിലയിൽ പോലീസുകാർ പരസ്യമായി രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാൻ പാടില്ലെന്നാണ് ചട്ടമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലരും അത് ചെയ്യുകയും പലപ്പോഴും നടപടിക്ക് വിധേയരാകുകയും ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന പോലീസുകാർ പലപ്പോഴും ഫെയ്സ്ബുക്കിലും വാട്സാപ്പിലുമാണ് സ്വന്തം രാഷ്ട്രിയം എടുത്ത് പ്രയോഗിക്കുക. എതിർ രാഷ്ട്രീയമുള്ളവർ പരാതിപ്പെടുന്നത് വഴിയാണ് പലപ്പോഴും അത് പൊതുജനമധ്യത്തിൽ എത്തുക. അത്തരം ഇടപെടലുകളിൽ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂമിൻ്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഇന്ന് രാവിലെ ഉണ്ടായത്. കിരൺ ദേവ് എന്ന പോലീസുകാരനാണ് രാഷ്ട്രീയ അധിക്ഷേപ സന്ദേശം പോസ്റ്റുചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ ബി ഗണേഷ് കുമാർ നടത്തിയ പരാമർശത്തിലെ ഒരു ഭാഗമായിരുന്നു വീഡിയോ രൂപത്തിൽ ഇട്ടത്. കാരിക്കേച്ചർ മട്ടിൽ വരച്ചുചേർത്ത രാഹുലിൻ്റെ ഒരു ചിത്രം സഹിതം മൊത്തത്തിൽ ആക്ഷേപം പ്രകടമായിരുന്നു.
പതിവില്ലാത്ത മട്ടിൽ രാഷ്ട്രീയ പോസ്റ്റ് രാവിലെ കണ്ടപ്പോൾ പലരും തിരുത്താൻ ശ്രമിച്ചു. രാഷ്ട്രീയം പാടില്ലെന്ന് മെസേജ് അയച്ച് ചിലർ ഗ്രൂപ്പിൽ പ്രതിഷേധവും പ്രകടിപ്പിച്ചു. എന്നിട്ടും പോസ്റ്റ് പിൻവലിക്കാൻ കിരൺ ദേവ് തയ്യാറായില്ല. പ്രതിഷേധിച്ച ചിലരുടെയെല്ലാം മെസേജുകൾ ഗ്രൂപ്പ് അഡ്മിൻ ഇടപെട്ട് ഡിലീറ്റ് ചെയ്തു. എന്നിട്ടും പരാതിക്കിടയാക്കിയ വീഡിയോ അവിടെ തന്നെ കിടന്നു. ഒടുവിൽ പോലീസ് കൺട്രോൾ റൂമിൻ്റെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണർ ഇടപെട്ടപ്പോഴാണ് കിരണിൻ്റെ വീഡിയോ ഡിലീറ്റ് ചെയ്യാൻ അഡ്മിൻ തയ്യാറായത്.
ആരോപണവിധേയനായ പോലീസുകാരൻ മുൻപും നടപടിക്ക് വിധേയനായിട്ടുള്ള ആളാണ്. പേരൂർക്കട സ്റ്റേഷൻ എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് ഏതാനും വർഷം മുൻപ് അച്ചടക്ക നടപടി നേരിട്ടത്. പുതിയ സംഭവത്തിലും ആരെങ്കിലും പരാതി നൽകിയാൽ നടപടി ഉണ്ടാകും. ഔദ്യോഗിക ഗ്രൂപ്പിൽ മേലുദ്യോഗസ്ഥരെല്ലാം സാക്ഷിയായ അച്ചടക്ക ലംഘനമാണ് ഉണ്ടായത് എന്നത് കണക്കിലെടുത്താൽ പരാതി ഇല്ലാതെയും അന്വേഷണത്തിനും നടപടിക്കും സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here