ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ; ബോണ്ട് വാദത്തിനിടെ സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ; ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും താക്കീത്

ഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് വാദത്തിനിടെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ചീഫ് ജസ്റ്റിസിനെതിരെ ആക്രോശിച്ച് അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് രംഗത്തുവന്നത്. ഇലക്ടറൽ ബോണ്ട് കേസ് ന്യായമായ പ്രശ്നമല്ലെന്നാണ് അഭിഭാഷകന്‍ വിളിച്ചു പറഞ്ഞത്. ഇത് നയപരമായ കാര്യമായിരുന്നുവെന്നും കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും വാദിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇടപെട്ടു. താൻ പറയുന്നത് ശ്രദ്ധിക്കാൻ ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ താൻ ഇന്ത്യൻ പൗരനാണെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയർത്തിയത്.
തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഹൈഡ് പാർക്ക് കോർണർ മീറ്റിങ്ങല്ലെന്നും നിങ്ങൾ കോടതിയിലാണെന്നും ചീഫ് ജസ്റ്റിസ് തുടര്‍ന്ന് പറഞ്ഞു. ഹർജി ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അത് നൽകണം. അതാണ് ഈ കോടതിയിലെ നിയമമെന്നും ചൂണ്ടിക്കാട്ടി. അഭിഭാഷകൻ വാഗ്വാദം തുടര്‍ന്നതോടെ നടപടിക്രമം പാലിക്കുന്നത് വരെ നിങ്ങളെ കേൾക്കില്ലെന്ന് ബെഞ്ച് നിലപാടെടുത്തു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെയും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് അഗർവാലയുടെയും വാദം കേൾക്കാനും കോടതി തയ്യാറായില്ല.
മുന്‍പ് അഭിഭാഷകൻ നേരിട്ട കോടതിയലക്ഷ്യ നടപടി ബെഞ്ച് ഓർമിപ്പിച്ചു. 2019-ൽ നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ഒരു വർഷത്തേക്ക് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here