ഏക വോട്ടര്‍ക്കായി കാടുതാണ്ടിയത് മൂന്ന് വനിതാ പോളിംഗ് ഓഫീസര്‍മാര്‍; 18 കിലോമീറ്റര്‍ കാല്‍നട; മറക്കാന്‍ പറ്റാത്ത അനുഭവമെന്ന് ജിഷ മെറിന്‍

“ഇടമലക്കുടിയിലേക്ക് വഴികള്‍ ഒന്നുമില്ല. ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചവിട്ടിക്കയറണം. ചിലപ്പോള്‍ കല്ലുപോലും ഉണ്ടാകില്ല. കുത്തനെ കയറ്റമാണ്. അങ്ങനെ പത്ത് മലയെങ്കിലും കയറിയാണ് ഞങ്ങൾ അവിടെ എത്തിയത്. കാട്ടാന അടക്കമുള്ള മൃഗങ്ങളെ പേടിച്ചാണ് ആ ദൂരമത്രയും താണ്ടിയത്”- കാട്ടില്‍ കഴിയുന്ന കിടപ്പുരോഗിയായ ഏക വോട്ടര്‍ക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറയുമ്പോഴും പോളിംഗ് ഓഫീസര്‍ ജിഷ മെറിന്‍ ജോസിന്‍റെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു.

ശിവലിംഗം എന്ന 92കാരന് വോട്ട് ചെയ്യുന്നതിനുവേണ്ടിയാണ് ജിഷയും കൂട്ടരും കാട് താണ്ടിയത്. മൂന്നാർ കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ജിഷ.

എന്തും ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഈ യാത്രയിലൂടെ ലഭിച്ചെന്നാണ് ജിഷ പറയുന്നത്. ഗോത്രവര്‍ഗ പ്രദേശമായ ഇടമലക്കുടി, പഞ്ചായത്തായി രൂപകരിച്ചശേഷം ആദ്യമായാണ് സ്ത്രീകൾ പോളിംഗ് ഉദ്യോഗസ്ഥരായി ഇവിടേക്ക് എത്തുന്നത്. ഹൈറേഞ്ചിൽ പഠിപ്പിക്കുന്നതുകൊണ്ട് തന്നെ ഇടമലക്കുടിയെപ്പറ്റി എകദേശ ധാരണയുണ്ടായിരുന്നു. എന്നാൽ ഇത്ര ദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. റാന്‍ഡം ആയിട്ടാണ് ജിഷയെ പോളിംഗ്‌ ഓഫീസര്‍ ആയി തിരഞ്ഞെടുത്തത്. അത് മാറ്റാനൊന്നും ശ്രമിച്ചില്ല. ഷൂസ് അടക്കം എല്ലാ സജീകരണങ്ങളുമായിട്ടാണ് ചെന്നത്.

നിബിഡവനത്തിലൂടെ ആയിരുന്നു യാത്ര. പോകുന്ന വഴികളിലെല്ലാം ഏറ്റവും കൂടുതലായി കണ്ടത് കാട്ടുപോത്തിനെയാണ്. കുടിയിലെ കുട്ടികൾ കൈകാട്ടി മാട്‌ ഉണ്ടെന്ന് പറഞ്ഞപ്പോഴും പശുവാണെന്നാണ് വിചാരിച്ചത്. മുന്നാറിൽ നിന്ന് കേപ്പുകാട് വരെ ജീപ്പിലായിരുന്നു യാത്ര. തിട്ടകളില്‍ കയറിയിറങ്ങിപ്പോയ അതിഭീകരയാത്രയായിരുന്നു അത്. പിന്നീട് അങ്ങോട്ട് വഴി ഇല്ല. 5 മണിക്കൂർ കാട്ടിനുള്ളിലൂടെ നടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. രാവിലെ 8 മണിക്ക് തുടങ്ങിയ നടപ്പ് ശിവലിംഗത്തിന്‍റെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു.

എന്തോ വലിയ അംഗീകാരം നേടിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്. ഇടമലക്കുടിയിലെ മൊത്തം 16 കുടികളിലൂടെയാണ്‌ സഞ്ചരിച്ചത്. അതില്‍ മൂന്നാമത്തെ കുടിയായിരുന്നു ശിവലിംഗത്തിന്റെത്. ഞങ്ങളെ കണ്ടപ്പോൾ ആളുകൾ ഓടി ഒളിക്കുകയായിരുന്നു. അവർ പുറത്തുനിന്നുള്ള ആളുകളെ കണ്ടിട്ടില്ല. കുടിയിൽ നിന്നും അധികം പുറത്തിറങ്ങാത്തവരാണ് സ്ത്രീകൾ. അവർക്ക് ഗോത്രഭാഷ മാത്രമേ അറിയൂ. പുറത്ത് ജോലിക്ക് പോകുന്നതിനാൽ പുരുഷന്മാർക്ക് തമിഴും മലയാളവും അറിയാം.

പ്രായവും അസുഖവും തളര്‍ത്തിയിട്ടും തന്‍റെ സമ്മതിദാനാവകാശം ഉപയോഗിക്കാനുള്ള ആഗ്രഹത്തെ തിരഞ്ഞെടുപ്പ് അധികൃതര്‍ മാനിച്ചു എന്നതിന്റെ തെളിവാണിത്. തനിക്ക് വോട്ട് ചെയ്യണമെന്ന അപേക്ഷ നൽകി കാത്തിരുന്ന അയാളുടെ ആവേശമാണ് ഞങ്ങൾക്കും പ്രചോദനമായത്. വോട്ട് ചെയ്യിപ്പിച്ച് തിരികെ വനത്തിലൂടെ രാത്രി സഞ്ചരിക്കുക വെല്ലുവിളിയായിരുന്നെങ്കിലും അതും വിജയകരമായി തന്നെ കടന്നു- ജിഷ പറഞ്ഞു.

ഇടമലക്കുടി അതിമനോഹരമായ സ്ഥലമാണ്. എല്ലാവരും അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്. പുറംലോകം എന്തെന്ന് അറിയാതെ മറ്റൊരു ലോകത്ത് പരിമിതികളില്‍ കഴിഞ്ഞുകൂടുന്ന ജീവനുകളെ ആളുകൾ അറിയണമെന്നാണ് ജിഷയുടെ ആഗ്രഹം. വികസനവും പരിഷ്കാരങ്ങളും ഇനിയും കടന്നുചെല്ലാത്ത ഈ ഗോത്രവര്‍ഗ ഗ്രാമം കേരളത്തിലാണെന്ന് അധികം ആര്‍ക്കും അറിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top