ആറാംഘട്ടത്തിലെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്; രണ്ട് മണിക്കൂറില്‍ 10.82 ശതമാനം കടന്നു; വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയുള്‍പ്പെടെയുള്ള പ്രമുഖര്‍

ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്ങ്. ഹരിയാനയിലെ ഗ്രാമീണ മേഖലകളിലടക്കം വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിങ് ബൂത്തിന് മുന്നിലുള്ളത്. ആദ്യ രണ്ട് മണിക്കൂറില്‍ 10.82 ശതമാനം പോളിങ് രേഖപ്പെടുത്തി.

പശ്ചിമ ബംഗാളിലാണ് കൂടുതല്‍ പോളിങ്. ബംഗാളില്‍ 16.54 ശതമാനമാണ് പോളിങ്. ഒഡീഷ 7.43, ദില്ലി 8.94, ഹരിയാന 8.31, ബിഹാര്‍ 9.66 ജമ്മു കശ്മീര്‍ 8.89, ജാര്‍ഖണ്ഡ് 11.74, യുപി 12.33 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം

എട്ട് സംസ്ഥാനങ്ങളിലെ 58 ലോക്‌സഭാ സീറ്റുകളിലേക്കാണ് പോളിങ്. ഡല്‍ഹി(7), ബീഹാര്‍(8), ഹരിയാന(10), ജാര്‍ഖണ്ഡ്(4), ഒഡീഷ(6), ഉത്തര്‍പ്രദേശ്(14), പശ്ചിമബംഗാള്‍(8), ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലത്തിലുമാണ് വോട്ടിങ് പുരോഗമിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ബന്‍സുരി സ്വരാജ് , ഒഡിഷയിലെ സംബാല്‍പൂരില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഹരിയാനയിലെ കര്‍ണാലില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരി, എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന ബിജെപിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, ഹരിയാനയിലെ സിര്‍സ മണ്ഡലത്തില്‍ കുമാരി സെല്‍ജ, റോത്തകില്‍ ദീപേന്ദര്‍ സിംഗ് ഹൂഡ, ഡല്‍ഹിയിലെ ചൗന്ദ്‌നി ചൗക്കില്‍ ജെ.പി.അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികള്‍. ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതിയും ജനവിധി തേടുന്നുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top